മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്ക് കൊടുത്ത് പബ്ലിസിറ്റി നേടുന്നവർ!
Mail This Article
കേട്ടാൽ ഞെട്ടരുത്....
വണ്ടിച്ചെക്കു കൊടുത്താൽ കേസില്ലാത്ത ഒരൊറ്റ അക്കൗണ്ടേ കേരളത്തിലുള്ളു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട്! പത്തു പൈസ മുടക്കാതെ ‘പബ്ലിസിറ്റി’ കിട്ടാനുള്ള സൂത്രവുമായി ഇറങ്ങിയ ചില വിരുതൻമാരാണു വണ്ടിച്ചെക്കുമായി കലക്ടറേറ്റിൽ കയറിയിറങ്ങുന്നത്. ചെക്ക് കലക്ടർക്കു നേരിട്ടു കൈമാറാം, ഫോട്ടോയെടുക്കാം. സംഭാവനയാണല്ലോ, നല്ലൊരു കാര്യത്തിനല്ലേ എന്നു കരുതി കലക്ടറും ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും. വിരുതൻമാരാകട്ടെ, സ്വന്തം നിലയിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി ദിവ്യൻമാരാകും.
അവിടം കൊണ്ട് എല്ലാം തീർന്നു. കൊടുത്തതു വണ്ടിച്ചെക്കായിരിക്കും! അക്കൗണ്ടിൽ പണമുണ്ടാകില്ല. ചെക്ക് മടങ്ങിയാൽ ഫയലിൽ കെട്ടിവയ്ക്കാമെന്നല്ലാതെ കേസ് കൊടുക്കാനും കലക്ടർക്കും കഴിയില്ല. ചെക്ക് മടങ്ങിയ കാര്യം ഫോണിൽ വിളിച്ചുപറഞ്ഞാൽ ചിലരൊക്കെ പകരം ചെക്കോ പണമോ നൽകും. മറ്റു ചിലരുടെ നിലപാട് ‘ന്നാ താൻ കേസ് കൊട്’ എന്ന മട്ടിലായിരിക്കും! വൻ തുകയ്ക്കുള്ള ചെക്ക് ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയതായി സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുന്ന ചില വ്ലോഗർമാരുടേതും വണ്ടിച്ചെക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്. സത്യസന്ധമായി സമൂഹത്തെ സഹായിക്കുന്നവർ ക്ഷമിക്കുക. ദുരിതത്തിനിടയിലും പേരുണ്ടാക്കാൻ ഇറങ്ങിയ ഇങ്ങനെ ചിലരുണ്ട്; ഉളുപ്പ് അശേഷമില്ലാത്തവർ!