മെട്രോ യാത്രക്കാർക്ക് 15 ഇലക്ട്രിക് ബസ് കൂടി; മുളന്തുരുത്തിയെയും നെടുമ്പാശേരിയെയും ബന്ധിപ്പിക്കും
Mail This Article
കൊച്ചി ∙ മെട്രോ യാത്ര ഇനി മുളന്തുരുത്തിയിൽ നിന്നേ തുടങ്ങാം. നെടുമ്പാശേരി വിമാനത്താവളം വരെ നീളുകയുമാവാം. സെപ്റ്റംബർ ആദ്യവാരം മെട്രോയുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ബസുകൾ സർവീസിനെത്തുന്നതോടെ മെട്രോയെ മുളന്തുരുത്തിവരെയും നെടുമ്പാശേരിയിലേക്കും ബസ് വഴി ബന്ധിപ്പിക്കും. നിലവിൽ കൊച്ചി വിമാനത്താവളത്തിലേക്കു കെഎംആർഎൽ 2 ബസുകൾ ഓടിക്കുന്നുണ്ട്. ഇതിനു പുറമമേയാണു 15 ഇലക്ട്രിക് ബസുകളെത്തുന്നത്. ഐഷർ കമ്പനിയുടെ ഇലക്ട്രിക് ബസുകൾ ഇന്തോറിലെ പ്ലാന്റുകളിൽ നിന്നാണെത്തുക. ഇൗ മാസം അവസാനം ബസുകൾ സർവീസിനെത്തിക്കുമെന്നായിരുന്നു കരാറെങ്കിലും രണ്ടാഴ്ചയോളം വൈകിയേക്കുമെന്നു കമ്പനി അറിയിച്ചു.
∙ റൂട്ടുകൾ അന്തിമമായില്ല
9 മീറ്റർ നീളവും 32 സീറ്റുമുള്ള ബസ് ചെറിയ റോഡുകളിലൂടെയും ഓടിക്കാൻ കഴിയും. 1 കോടി രൂപ വീതം വിലയുള്ള ബസുകളാണു ഫീഡർ സർവീസിനെത്തുന്നത്. ഏതൊക്കെ റൂട്ടുകളിൽ ബസ് ഓടിക്കണമെന്നു തീരുമാനിച്ചിട്ടില്ല. എങ്ങിനെയായാലും ജില്ലയുടെ കിഴക്കൻ മേഖലയെ കൂടുതലായും പശ്ചിമകൊച്ചി, വൈപ്പിൻ , പറവൂർ റൂട്ടുകളിൽ ബസ് ഓടിക്കും. മുളന്തുരുത്തിയിൽ നിന്നാവും കിഴക്കൻ മേഖലയിലെ സർവീസ് തുടങ്ങുക. തോപ്പുംപടി, ഫോർട്ട് കൊച്ചി , ഹൈക്കോടതി റൂട്ട് ആലോചനയിലുണ്ടെങ്കിലും വാട്ടർ മെട്രോ സർവീസ് ഉള്ളതിനാൽ ബസ് റൂട്ട് തോപ്പുംപടിയിൽ നിന്നു തുടങ്ങാനാണ് ആലോചന. ഇത് ൈവറ്റില– കുണ്ടന്നൂർ–എംജി റോഡ് സർക്കുലർ റൂട്ട് ആയി ഓടിക്കാനാണു സാധ്യത. കലൂരിൽ നിന്നു പുതുക്കലവട്ടം വഴി എളമക്കരയാണു പരിഗണനയിലുള്ള മറ്റൊരു റൂട്ട്. സുഗമ യാത്ര ഉറപ്പാക്കുന്നതിനൊപ്പം മെട്രോയിലേക്കു കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്നതും പൊതു വാഹനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
∙ കെഎംആർഎൽ ബസ് ഓടിക്കും
ബസുകൾ കെഎംആർഎൽ നേരിട്ട് ഓപ്പറേറ്റ് ചെയ്യാനാണു തീരുമാനം. ഇതിനു കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കും. കെഎസ്ആർടിസിയെ ബസുകൾ ഏൽപിക്കാനായിരുന്നു മുൻ തീരുമാനമെങ്കിലും പിന്നീടതിൽ മാറ്റം വരുത്തി.
നിലവിൽ വിമാനത്താവളത്തിലേക്ക് മാത്രം
2020 ൽ ആണു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു കെഎംആർഎൽ ഇ ബസുകൾ ഫീഡർ സർവീസ് ആയി ഓടിച്ചു തുടങ്ങിയത്. നിലവിൽ 2 ബസുകൾ മാത്രമേ സർവീസിനുള്ളുവെങ്കിലും രാവിലെ 6 മുതൽ രാത്രി 10 വരെ അരമണിക്കൂർ ഇടവിട്ടു സർവീസുകളുണ്ട്. പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 1300 വരും.