ADVERTISEMENT

ആലുവ∙ മുൻകൂർ അനുമതിയില്ലാതെ കുന്നത്തേരിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ ഫാഷൻ ഷോ നടത്താനുള്ള നീക്കം അവസാന നിമിഷം പൊലീസ് തടഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വൻ തുക ഫീസ് അടച്ചു മത്സരത്തിനെത്തിയവർ നിരാശരായി മടങ്ങി. എഴുനൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിലേക്കു രണ്ടായിരത്തിലേറെ മത്സരാർഥികൾ എത്തിയത് ആശങ്ക ഉയർത്തിയതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടത്. ലഹരിമരുന്നു പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘം ഓഡിറ്റോറിയത്തിൽ നിന്നു 3 പേരെ കസ്റ്റഡിയിൽ എടുത്തെങ്കിലും ചോദ്യംചെയ്തു വിട്ടു.

തിരുവനന്തപുരത്തെ മോഡലിങ് കമ്പനിയുടെ നേതൃത്വത്തിൽ വൈകിട്ട് 6 മുതലാണു കുന്നത്തേരിയിൽ ഫാഷൻ ഷോ നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ‘സീറോ ഷെയ്പ് റാംപ്’ എന്നായിരുന്നു പ്രചാരണം. ഉയർന്ന വാട്സ് സൗണ്ട് സിസ്റ്റമാണു സജ്ജീകരിച്ചിരുന്നത്. ഇത്തരം സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതിനു സംഘാടകർ പൊലീസിന്റെ മുൻകൂർ അനുമതി നേടിയിരുന്നില്ല. ഫാഷൻ ഷോ നടത്തുന്നതിനുള്ള എക്സൈസ് അനുമതിയും ഉണ്ടായിരുന്നില്ല.

സംസ്ഥാനത്തെ 40 മോഡലിങ് കമ്പനികൾക്കു വേണ്ടിയാണു മത്സരാർഥികൾ എത്തിയതെന്നാണു പൊലീസിനു ലഭിച്ച വിവരം. ഓരോ കമ്പനിക്കു വേണ്ടിയും 30 മുതൽ 70 വരെ മത്സരാർഥികൾ റാംപിൽ കയറാൻ ഒരുങ്ങിയിരുന്നു. പലരും ചൊവ്വാഴ്ച തന്നെ ആലുവയിൽ എത്തി താമസിച്ചു. ചെങ്ങന്നൂർ മാന്നാർ പാവുക്കര സ്വദേശി മഹാദേവൻ വിനോദാണ് ഓഡിറ്റോറിയം വാടകയ്ക്ക് എടുത്തതെന്നു പൊലീസ് പറഞ്ഞു. 500 പേർ പങ്കെടുക്കുന്ന പരിപാടി എന്നു പറഞ്ഞ് ഓൺലൈനായാണു ബുക്ക് ചെയ്തതെന്നു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com