കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
Mail This Article
വൈപ്പിൻ∙ കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.ഞാറയ്ക്കൽ എടവനക്കാട് ഇല്ലത്തുപടി പാലക്കൽ വീട്ടിൽ ജിത്തുസിനെയാണ് (24) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. 2018 ഡിസംബറിൽ കുഴുപ്പിള്ളി ബീച്ചിൽ ഗജേന്ദ്രകുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ്. മുനമ്പം ഞാറയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, ലഹരിമരുന്ന്, കാപ്പ ഉത്തരവിന്റെ ലംഘനം തുടങ്ങി ഒട്ടേറെ കേസുകൾ ഇയാളുടെ പേരിൽ ഉള്ളതായി പൊലീസ് പറഞ്ഞു.
തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെ കഴിഞ്ഞ നവംബർ ഒന്നു മുതൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. എന്നാൽ കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച് കഴിഞ്ഞ ഏപ്രിൽ 18ന് എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ ഇയാളും കൂട്ടാളികളും ചേർന്ന് ഷഫാസ്, ശ്യാം എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ കേസിൽ പ്രതിയായതിനെ തുടർന്ന് നാട് കടത്തൽ ഉത്തരവ് റദ്ദാക്കി ഇയാളെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കുകയായിരുന്നു. ഇതേ കേസിലെ മൂന്നാം പ്രതിയായ മുനമ്പം സ്വദേശി ആദർശിനെ കഴിഞ്ഞ മാസം ഒരു വർഷത്തേക്ക് കാപ്പ ചുമത്തി ജയിലിലടച്ചു. ഞാറയ്ക്കൽ പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ എസ്ഐ അഖിൽ വിജയകുമാർ, സിവിൽ' പൊലീസ് ഓഫിസർമാരായ ആന്റണി ഫ്രെഡി, കെ.എം.പ്രജിത്ത്, എൻ.സി.ദീപക് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.