ADVERTISEMENT

മൂവാറ്റുപുഴ∙ നവീകരണ പദ്ധതി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുമ്പോൾ കായനാട് തടയണ മൂവാറ്റുപുഴയാറിന്റെ മലിനീകരണ തോത് വീണ്ടും വർധിപ്പിക്കുന്നു. തടയണയിൽ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം നദിയുടെ ഒഴുക്കിനെ പോലും തടസ്സപ്പെടുത്തുന്ന നിലയിലേക്ക് എത്തി. തടയണ ഷട്ടർ ഇല്ലാതെ നിർമിച്ചതു മൂലം കാലവർഷത്തിൽ നദിയുടെ ഒഴുക്കു തടസ്സപ്പെട്ടു വെള്ളപ്പൊക്കത്തിനു കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടി ഷട്ടറുകൾ നിർമിക്കാനും നവീകരണം നടത്താനും തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ടും എസ്റ്റിമേറ്റും തയാറാക്കി നൽകാൻ ജലവിഭവ മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. 

2 പദ്ധതികൾ ഉദ്യോഗസ്ഥർ തയാറാക്കി നൽകിയിരുന്നു. തടയണയും ഇതിന്റെ ഭാഗമായുള്ള മേൽപാലവും നിലനിർത്തി ഷട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും നിലവിലുള്ള തടയണയും പാലവും പൊളിച്ചു നീക്കി പുതിയ റെഗുലേറ്റർ - കം - ബ്രിജ് നിർമിക്കുന്നതിനുള്ള പദ്ധതിയും ആണു തയാറാക്കിയത്. ഇതിൽ അനുയോജ്യമായത് തിരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് 2 പദ്ധതികൾ സമർപ്പിച്ചത്. എന്നാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല. മൂവാറ്റുപുഴയാറിനു കുറുകെ വാളകം പഞ്ചായത്തിലെ റാക്കാട്, മാറാടി പഞ്ചായത്തിലെ കായനാട് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു 3 പതിറ്റാണ്ടു മുൻപാണു തടയണ നിർമിച്ചത്.

പുഴയിൽ താരതമ്യേന വീതി കുറവുള്ള ഭാഗത്താണു ചെക്ക് ഡാം നിർമിച്ചിരിക്കുന്നതെങ്കിലും, പുഴയുടെ സ്വാഭാവിക ഒഴുക്കിനു വിഘാതമാകും വിധമുള്ള 6 കോൺക്രീറ്റ് കാലുകളാണു തടയണയ്ക്ക് ഉള്ളത്. കാലവർഷത്തിൽ ശക്തമായ ഒഴുക്കിൽ എത്തുന്ന മാലിന്യവും വലിയ തടികളും എല്ലാം ഇവിടെ കെട്ടിക്കിടന്നു തടയണയ്ക്കു തകരാർ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ചെക്ഡാമിൽ അടിഞ്ഞു കൂടിയ ചെളിയും മാലിന്യവും നീക്കം ചെയ്തു പുഴയുടെ സ്വാഭാവിക ഒഴുക്കു നിലനിർത്താൻ നടപടി വേണമെന്ന് ശക്തമായ ആവശ്യം ഉയർന്നിരുന്നു. ചെക് ഡാമും ഇതിന്റെ ഭാഗമായ പാലവും തകർന്നു വീഴുന്നതു വരെ അധികാരികൾ കാത്തിരിക്കരുത് എന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com