പല സർവീസുകളും പുനരാരംഭിച്ചില്ല; ആലുവ– പറവൂർ റൂട്ടിൽ യാത്രാക്ലേശം രൂക്ഷം
Mail This Article
ആലങ്ങാട് ∙ ആലുവ– പറവൂർ പ്രധാന പാതയിൽ യാത്രാക്ലേശം രൂക്ഷം. മണിക്കൂറുകൾ കാത്തുനിന്നാലും ബസുകൾ കിട്ടാത്ത സ്ഥിതിയാണെന്നാണു യാത്രക്കാരുടെ പരാതി. കെഎസ‌്ആർടിസി സർവീസ് മാത്രമുള്ള റൂട്ടായതിനാലാണു യാത്രക്കാർ ഏറെ വലയുന്നത‌്. വിദ്യാർഥികളും ജോലി ചെയ്യുന്നവരും ഉൾപ്പെടെ നൂറുകണക്കിനു യാത്രക്കാരാണു ദിവസവും ഇതുവഴി ബസിൽ യാത്ര ചെയ്യുന്നത്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളുടെ എണ്ണം കുറവായതിനാൽ യാത്രക്കാർ ഏറെനേരം ബസ് സ്റ്റോപ്പുകളിൽ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോൾ.
നിർത്തിവച്ചിരിക്കുന്ന പല സർവീസുകളും പുനരാരംഭിക്കാത്തതാണു യാത്രാദുരിതത്തിന്റെ പ്രധാന കാരണം. കൂടാതെ അശാസ‌്ത്രീയമായ ഷെഡ്യൂൾ പരിഷ‌്കരണവും യാത്രാദുരിതത്തിന്റെ കാരണമെന്നാണ‌് ആക്ഷേപം. ബസുകൾ സമയത്തിനു എത്താതായതോടെ യാത്രക്കാർ മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഇതുമൂലം ദുരിതമനുഭവിക്കുകയാണെന്നു പരാതിയുണ്ട്. അതിനാൽ എത്രയും വേഗം നിർത്തിവച്ചിരിക്കുന്ന സർവീസുകൾ പുനരാരംഭിക്കുകയോ അല്ലെങ്കിൽ രാവിലെയും വൈകിട്ടും കൂടുതൽ ഷട്ടിൽ സർവീസുകൾ ആരംഭിക്കുകയോ ചെയ്യണമെന്നാണു യാത്രക്കാരുടെ ആവശ്യം.