ADVERTISEMENT

കൊച്ചി ∙ ‘ജന്മദിന ആശംസകൾ മമ്മൂക്കാ.... എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു’... ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സെപ്റ്റംബർ 7ന് മമ്മൂട്ടിയുടെ ജന്മദിനം ആണെന്ന് മഞ്ജിമ അറിയുന്നത്. തന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്ത മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേരുന്നതിനിടെ മഞ്ജിമയുടെ കണ്ണുകൾ നിറഞ്ഞു. ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ബുദ്ധിമുട്ടിയിരുന്ന 21കാരി മഞ്ജിമയെ നടൻ മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി രാജഗിരി ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്ത് നൽകിയത്.

വാഗമണ്ണിൽ ബിബിഎ ഒന്നാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു പാലക്കാട് സ്വദേശിയായ മഞ്ജിമ. ശ്വാസതടസ്സത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഹൃദയത്തിന് തകരാറുളളതായി വ്യക്തമായി. തുടർന്ന് വിദ്ഗദ പരിശോധനയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. രാജഗിരിയിൽ നടത്തിയ ട്രാൻസ് ഈസോഫാഗൽ എക്കോ കാർഡിയോഗ്രാം പരിശോധനയിലും അതിനു ശേഷം നടത്തിയ കാത്ത് സ്റ്റഡിയിലും ഹൃദയത്തിന്റെ മുകളിലെ അറകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിൽ ദ്വാരം (ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ്) ഉണ്ടെന്ന് മനസ്സിലാക്കി.

ചികിത്സ വൈകിപ്പിച്ചാൽ, ശ്വാസകോശത്തിലെ സമ്മർദം സ്ഥിരപ്പെടുകയും ശസ്ത്രക്രിയ നടത്തി സുഖപ്പെടുത്താനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. അതിനാൽ അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്ന മഞ്ജിമയുടെ പിതാവ് തോമസിന് ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.

തോമസിന്റെ ബന്ധു വഴി വിഷയം അറിഞ്ഞ ജോൺ ബ്രിട്ടാസ് എംപിയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണൽ ഫൗണ്ടേഷന്റെ ഹൃദ്യം പദ്ധതിയിൽ അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നത്. തോമസിന്റെ അപേക്ഷയിൽ നിന്നും കുടുംബത്തിന്റെ അവസ്ഥയും മഞ്ജിമയുടെ ആരോഗ്യസ്ഥിതിയും മനസ്സിലാക്കിയ കെയർ ആൻഡ് ഷെയർ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹൃദ്യം പദ്ധതിയിൽ മഞ്ജിമയെ ഉൾപ്പെടുത്താൻ നടൻ മമ്മൂട്ടി നിർദ്ദേശം നൽകിയതോടെ ശസ്ത്രക്രിയക്കുളള തയാറെടുപ്പുകൾ ആരംഭിച്ചു.

രാജഗിരി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ശിവ് കെ. നായരുടെ നേതൃത്വത്തിലുളള മെഡിക്കൽ സംഘം അതിവിദ്ഗദമായി ശ്വാസകോശ സമ്മർദ്ദം നിയന്ത്രണാതീതമാക്കി ദ്വാരമടച്ചു. ഉയർന്ന ശ്വാസകോശ സമ്മർദ്ദം നിയന്ത്രിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്തുക എന്നതായിരുന്നു വെല്ലുവിളിയെന്ന് ഡോ. ശിവ് കെ. നായർ പറഞ്ഞു. കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ.റിജു രാജസേനൻ നായർ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.മേരി സ്മിത തോമസ്, ഡോ.ഡിപിൻ, ഡോ.അക്ഷയ് നാരായൺ എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.

അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഹൃദ്യം പദ്ധതിയിലൂടെ പൂർണമായും സൗജന്യമായി ചെയ്ത് നൽകിയത്. 2022 മേയിൽ ആരംഭിച്ച ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ അമ്പതോളം ശസ്ത്രക്രിയകൾ പൂർത്തിയാക്കിയെന്ന് കെയർ ആൻഡ് ഷെയർ ഭാരവാഹികൾ പറഞ്ഞു. രണ്ട് ആഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവിൽ രോഗം ഭേദമായി മഞ്ജിമ വീട്ടിലേക്ക് മടങ്ങി. ഡോക്ടർമാർ നിർദേശിച്ച വിശ്രമ കാലയളവ് പൂർത്തിയാക്കണം, തുടർന്നും പഠിക്കണം. പുതു തീരുമാനങ്ങൾ ഹൃദയത്തിൽ ചേർത്താണ് മഞ്ജിമ ആശുപത്രി വിട്ടത്.

English Summary:

This heartwarming story details how legendary actor Mammootty stepped in to help 21-year-old Manjima receive life-saving heart surgery. Facing a daunting financial burden, Manjima's family was overwhelmed. Through the 'Hrudayam' scheme and Mammootty's intervention, she underwent successful surgery at Rajagiri Hospital and is now on the road to recovery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com