കാടുമൂടി ലിഫ്റ്റ് ഇറിഗേഷൻ കനാൽ; കർഷകർ ദുരിതത്തിൽ
Mail This Article
ആലങ്ങാട് ∙ വെളിയത്തുനാട്– തടിക്കക്കടവ് മേഖലയിലെ ലിഫ്റ്റ് ഇറിഗേഷൻ കനാലുകൾ സംരക്ഷണമില്ലാതെ കാടുമൂടിയ നിലയിൽ.കൃഷിയിറക്കാൻ സാധിക്കാതെ കർഷകർ ദുരിതത്തിൽ. പെരിയാറിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും കനാൽ വഴിയുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു കിടക്കുന്നതാണു കർഷകരുടെ ദുരിതത്തിനു കാരണം.വെളിയത്തുനാട് മേഖലയിലെ കർഷകരും കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്തെ ജനങ്ങളും ഏറെ ആശ്രയിച്ചിരുന്ന പ്രധാന ജലസേചന സംവിധാനമാണ് അധികൃതരുടെ അനാസ്‌ഥയിൽ നശിച്ചു കൊണ്ടിരിക്കുന്നത്.പെരിയാറിൽ നിന്നുള്ള ജലം കൃഷിയിടങ്ങളിലേക്ക് എത്തുന്നതു ലിഫ്റ്റ് ഇറിഗേഷൻ കനാൽ വഴിയാണ്. എന്നാൽ, കനാലിൽ ചെളി അടിഞ്ഞു കൂടുകയും വിവിധ ഭാഗങ്ങളിൽ കാടും വള്ളി പടർപ്പും കയറിക്കിടക്കുന്നതും കാരണം പല പ്രദേശങ്ങളിലെയും കൃഷിക്കു വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണു കർഷകർ പറയുന്നത്.
കൂടാതെ കനാലിന്റെ പല ഭാഗവും തകർന്ന നിലയിലാണ്.വർഷംതോറും ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതാണു കനാലിന്റെ നാശത്തിനുള്ള പ്രധാന കാരണം. ഇത്തവണ തൊഴിലുറപ്പു പദ്ധതി പ്രകാരം കുറച്ചു ഭാഗത്തു മാത്രം ശുചീകരണം നടത്തിയുള്ളൂവെന്നും ആക്ഷേപമുണ്ട്. കനാലിനു സംരക്ഷണമില്ലാതായതോടെ പല സ്ഥലത്തും കയ്യേറ്റവും നടന്നിട്ടുണ്ട്.കാടു മൂടി കിടക്കാൻ തുടങ്ങിയതോടെ കനാലിന്റെ വിവിധ ഭാഗങ്ങൾ ഇഴജന്തുക്കളുടെ താവളമായി മാറി. കൂടാതെ പാടശേഖരങ്ങൾക്കു സമീപത്തെ ഇടത്തോടുകളും വൃത്തിയാക്കിയിട്ടില്ലെന്നു കർഷകർ പറഞ്ഞു.അതിനാൽ എത്രയും വേഗം ശുചീകരണം നടത്തി കൃഷിക്കും മറ്റു ആവശ്യങ്ങൾക്കും അനുയോജ്യമാക്കണമെന്നു സ്വതന്ത്ര കർഷക സംഘം കരുമാലൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സലാം കൊടിയൻ പറഞ്ഞു.