ADVERTISEMENT

കുറുപ്പംപടി ∙ വേങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രം ഇനി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 3 ന്  മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.ടി അജിത് കുമാർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നത്.ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതിന് മുന്നോടിയായി അടിസ്ഥാന സൗകര്യ വികസനം പൂർത്തിയായി. കുട്ടികൾക്കുള്ള  കുത്തിവയ്പു കേന്ദ്രം, കാത്തിരിപ്പ് കേന്ദ്രം, ഒപി ടിക്കറ്റ് കൗണ്ടർ, പഴയ കെട്ടിടത്തിന്റെ നവീകരണം എന്നിവയാണ് പൂർത്തീകരിച്ചത്.ദേശീയ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്നു 37.5 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഓഫിസിൽ കംപ്യൂട്ടറുകളും ഓഫിസ് ഫർണിച്ചറും സ്ഥാപിച്ചു.ആരോഗ്യ കേന്ദ്രം ദേശീയ നിലവാരത്തിലേക്ക് ഉയർത്തി അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു.

ഇതിന്റെ ഭാഗമായുള്ള അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് നിർമാണം പുരോഗമിക്കുകയാണ്. 2 മാസത്തിനുള്ളിൽ  നിർമാണം പൂർത്തീകരിക്കും. 28 ലക്ഷം രൂപയാണു അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് നിർമാണത്തിനായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. ഡോക്ടർമാർക്കുള്ള മുറികൾ, മറ്റു ഭരണ കാര്യങ്ങൾ എന്നിവ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലേക്ക് മാറും.രോഗികൾക്കുള്ള സേവനം, മരുന്നുകളുടെ ലഭ്യതയും വിതരണവും ക്ലിനിക്കൽ സേവനങ്ങൾ, പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവയ്പു സേവനങ്ങൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ദേശീയ അംഗീകാരത്തിന് പരിഗണിക്കുകയുള്ളൂ.ദീർഘകാല ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധം, നിയന്ത്രണം, പുനരധിവാസം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതികളും നടപ്പാക്കും. പൗരന്മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സസ്ഥിരത ഉറപ്പു വരുത്തുന്ന നടപടികളും സ്വീകരിക്കും.

ആധുനിക ലബോറട്ടറി സൗകര്യം ഇവിടെയുണ്ട്. കുറഞ്ഞ ചെലവിൽ 58 പരിശോധനകൾ നടത്താം.  ഫിസിയോ തെറപ്പി സെന്റർ, സെക്കൻഡറി പാലിയേറ്റിവ് കെയർ, കാൻസർ സ്‌ക്രീനിങ്  ക്യാംപുകൾ, പ്രീ ചെക്ക് കൗൺസലിങ്, എൻസിഡി ക്ലിനിക്, എന്നീ സൗകര്യങ്ങൾ ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാണ്.സ്‌കൂൾ കുട്ടികൾക്കുള്ള ആരോഗ്യ പദ്ധതിയായ ആർബിഎസ്കെ, വയോജന ക്ലിനിക്, ആരോഗ്യ കിരണം, ഭിന്നശേഷി വിഭാഗക്കാർക്കുള്ള അനുയാത്ര എന്നീ പദ്ധതികളും ആരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് ലഭിക്കും.സിവിൽ സർജൻ ഉൾപ്പെടെ 5 ഡോക്ടർമാരുടെ സേവനവും ആരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്നുണ്ട്. ദിവസവും 300 ൽ പരം രോഗികൾ ആശുപത്രിയിൽ ചികിത്സ തേടുന്നു.

രാവിലെ മുതൽ ഉച്ചവരെ ഒപി സൗകര്യം ഉണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചു സായാഹ്ന ഒപി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ആകുന്നത്തോടെ കൂടുതൽ ഡോക്ടർമാരുടെയും നേഴ്സ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരുടെയും  സേവനം ലഭ്യമാകും. 15 ആശ വർക്കർമാരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തി രോഗി സൗഹൃദ കേന്ദ്രമാക്കി തൂങ്ങാലി ആരോഗ്യ കേന്ദ്രത്തെ മാറ്റും. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി തയാറാക്കി തുക അനുവദിക്കുമെന്ന് എ.ടി അജിത് കുമാർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി  എംഎൽഎ അധ്യക്ഷത വഹിക്കും.

English Summary:

The Vengur Community Health Center has been upgraded to a Block Family Health Center, marking a significant improvement in healthcare access for the local community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com