ADVERTISEMENT

കൊച്ചി∙ മുല്ലപ്പെരിയാർ വിഷയം രാജ്യാന്തര സമിതി പഠിക്കണമെന്നും അതിനായി കേന്ദ്ര സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. യുഎൻ അടക്കമുള്ള വേദികളിൽ വിഷയം അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ട് ഡികമ്മിഷൻ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി സംഘടിപ്പിച്ച കൂട്ട ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ശാസ്ത്രീയമായി വലിയ അവഗണനയാണ് ഒരു ജനസമൂഹത്തോടു കാണിക്കുന്നത്. കേന്ദ്ര സർക്കാരും കേരള, തമിഴ്നാട് സർക്കാരുകളും ജനവികാരം അവഗണിക്കുകയാണ്. മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയവൽകരിക്കപ്പെട്ടോ എന്ന സംശയമുണ്ട്. മുല്ലപ്പെരിയാറിനു താഴെ ചെറിയ അണക്കെട്ട് പണിത് അധികജലം ശേഖരിക്കാൻ തമിഴ്നാട് തയാറാകണം. ഒരു ജനതയെ മുഴുവൻ മുൾമുനയിൽ നിർത്തുന്നത് മനുഷ്യ സ്നേഹത്തിനു നിരക്കാത്തതാണ്’– അദ്ദേഹം പറഞ്ഞു. 

മുല്ലപ്പെരിയാർ ജന സംരക്ഷണസമിതി സംഘടിപ്പിച്ച കൂട്ട ഉപവാസ സമരത്തിൻ്റെ സമാപന സമ്മേളനം തുഷാർ വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്യുന്നു)
മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി സംഘടിപ്പിച്ച കൂട്ട ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം തുഷാർ വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്യുന്നു.

മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയിൽ രേഖകൾ സമർപ്പിക്കുന്നതടക്കം തമിഴ്നാട് കൃത്യമായി ഇടപെടുമ്പോൾ കേരളം ഉദാസീനഭാവം തുടരുകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അബ്ദുൾ ഖരിം സഖാഫി ഇടുക്കി കുറ്റപ്പെടുത്തി. ജനസുരക്ഷയല്ല ലക്ഷ്യമെന്ന് തോന്നിക്കുന്ന നിലപാടാണ് സർക്കാരുകളും വിദഗ്ധ സമിതിയും പിന്തുടരുന്നത്. കോടതിയെ പോലും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കേരളത്തിന് കഴിയുന്നില്ല. മുല്ലപ്പെരിയാറിനു സമീപം താമസിക്കുന്ന കുട്ടികളുടെ മനസികാവസ്‌ഥ കണക്കിലെടുക്കണം. പഠിക്കാൻ പോലും കഴിയാത്ത അവസ്‌ഥയിലാണ്‌ അവരെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ താൽപര്യത്തിനെതിരായി റിപ്പോർട്ട് നൽകിയ പ്രിൻസിപ്പൽ സെക്രട്ടറി, ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ എന്നീ മേൽനോട്ട സമിതി അംഗങ്ങളെ പിരിച്ചുവിടണമെന്ന് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി ചെയർമാൻ അഡ്വ. റോയ് വാരിക്കാട്ട്  ആവശ്യപ്പെട്ടു. ജനസംരക്ഷണ സമിതി വർക്കിങ് ചെയർമാൻ ഷിബു കെ. തമ്പി, ഉസ്താദ് ഖാലിദ് സഖാഫി, റഫീഖ് അഹമ്മദ് സഖാഫി, സ്വാമി അയ്യപ്പദാസ്, ഫാ. ഏലിയാസ് ചെറുകാട്ട്, കോർ എപ്പിസ്‌കോപ്പ ഫാ. സ്ലീബാ പോൾ വട്ടവേലിൽ, അഡ്വ. സംഗീത വിശ്വനാഥ്, ചാർളി പോൾ, പി.ജി.സുഗുണൻ, ടി.ആർ.ദേവൻ, കുരുവിള മാത്യൂസ്, ജോർജ് സെബാസ്റ്റ്യൻ, എ.എം.റെജിമോൻ, സജു തറനിലം എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം എസ്എൻഡിപി യോഗം അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്തു. ജനങ്ങളുടെ ഭീതിയകറ്റാൻ മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Amidst escalating concerns over the Mullaperiyar Dam, Cardinal Mar George Alencherry demands urgent intervention from the Central Government and an international investigation. He criticizes the perceived political maneuvering around the issue and highlights the fear and safety risks faced by millions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com