അൻവറിന്റെ ആരോപണങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുന്നത്: ആം ആദ്മി പാർട്ടി
Mail This Article
കൊച്ചി∙ പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുന്നതെന്ന് ആം ആദ്മി പാർട്ടി. കരിപ്പൂർ വിമാനത്താവളം വഴി ഏകദേശം 150 കിലോ സ്വർണം ആണ് പൊലീസ് പിടികൂടിയത്. കസ്റ്റംസിന്റെയും സിഐഎസ്എഫ് പോലുള്ള കേന്ദ്ര ഏജൻസികളുടെയും കണ്ണുവെട്ടിച്ചാണ് ഇത്രയധികം സ്വർണം കടത്തിയത്. പി.വി.അൻവറിന്റെ ഭാഷ കടമെടുത്താൽ അതിൽ ഏറെ സ്വർണം പൊലീസ് കണക്കിൽപ്പെടുത്താതെ തട്ടിയെടുത്തിട്ടുണ്ട് എന്നാണ് ആരോപണം.
കണക്ക് പ്രകാരമുള്ള സ്വർണത്തിന്റെ ഏകദേശ വില 100 കോടി രൂപയിൽ അധികം വരും. അൻവറിന്റെ ആരോപണപ്രകാരം പൊലീസ് മറച്ചുവച്ച സ്വർണത്തിന്റെ വില കണക്കാക്കിയാൽ പിടിച്ചെടുത്ത സ്വർണത്തിന്റെ ഇരട്ടി വരും. ഇത് കസ്റ്റംസും മറ്റു കേന്ദ്ര ഏജൻസികളും അടങ്ങുന്ന കേസ് ആയതിനാലും മുൻപ് കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കള്ളക്കടത്ത് നടന്നിട്ടുള്ളതിനാലും ഇക്കാര്യം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും കേന്ദ്ര, സംസ്ഥാന ഭരണകർത്താക്കൾ മൗനം വെടിയണമെന്നും ആം ആദ്മി പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.