വാളിയപ്പാടം പാലം അപകട നിലയിൽ; കരിങ്കൽ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞു വീണു
Mail This Article
കൂത്താട്ടുകുളം∙ ഒലിയപ്പുറം– നടക്കാവ് ഹൈവേയിലെ വാളിയപ്പാടം പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ വശത്തെയും അടിഭാഗത്തെയും ഭിത്തി വിണ്ടുകീറി ബലക്ഷയം സംഭവിച്ച നിലയിലാണ്. കരിങ്കൽ ഭിത്തിക്കുള്ളിലെ മണ്ണ് ഒലിച്ചു പോയതാണ് ബലക്ഷയത്തിനു പ്രധാന കാരണം. അടിഭാഗത്ത് കോൺക്രീറ്റ് വിണ്ടു കീറിയ ഭാഗത്ത് ചോർച്ചയുണ്ട്. പാലത്തിനു സമീപം കരിങ്കൽ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞു വീണു.
വാഹനങ്ങൾ കയറുമ്പോൾ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. പാലത്തിനു ഇരുവശങ്ങളിലെയും കടവുകളിൽ കുളിക്കുന്നതിനും മറ്റുമായി ഒട്ടേറെ പേർ എത്തുന്നതാണ്. മുകൾ ഭാഗത്ത് പാലത്തിലേക്ക് വാഹനങ്ങൾ കയറുന്ന ഭാഗം ഇടിഞ്ഞു താണ നിലയിലാണ്. മാസങ്ങളായി ഇവിടെ അപകടം പതിവായതോടെ പിഡബ്ല്യുഡി അധികൃതർ അപകട സൂചന ബോർഡ് സ്ഥാപിച്ചു. പാലത്തിലൂടെ ഒറ്റവരി ഗതാഗതമാണ് നിലവിൽ സാധ്യമാകൂ.
ഇപ്പോൾ വാഹനം കടന്നു പോകുന്ന ഭാഗവും ഇടിഞ്ഞു താണു തുടങ്ങിയത് ആശങ്ക വർധിപ്പിക്കുന്നു. ദിവസവും ഒട്ടേറെ ബസുകൾ, ടോറസ് ലോറികൾ ഉൾപ്പെടെ ഇതുവഴി കടന്നു പോകുന്നതാണ്. പുതിയ എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി പാലം പണി തുടങ്ങാൻ താമസിക്കുമെന്നാണു സൂചന. പാലം പുതുക്കി പണിയുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.