സിഎംഎഫ്ആർഐയിൽ പണിതുടങ്ങി പട്ടാളപ്പുഴു; സിഫ്റ്റിൽ ജീവാണുമിശ്രിതം
Mail This Article
കൊച്ചി∙ നഗരത്തിലെ ഫിഷറീസ് സ്ഥാപനങ്ങളിലെ പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്തു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സിഎംഎഫ്ആർഐ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്ട്), ഫിഷറി സർവേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെത്തിയ കേന്ദ്രമന്ത്രി പ്രവർത്തന അവലോകനവും നടത്തി.
∙ സിഎംഎഫ്ആർഐയിൽ പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പച്ചക്കറി– മത്സ്യ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനാണു യൂണിറ്റ്. പട്ടാള പുഴുവിന്റെ ലാർവ ഉപയോഗിച്ചു ജൈവമാലിന്യങ്ങൾ സംസ്കരിച്ചെടുക്കുന്ന പ്രോട്ടീൻ ഉറവിടം മത്സ്യത്തീറ്റയ്ക്കു പകരമായി ഉപയോഗിക്കാനാകും. അലങ്കാരമത്സ്യ കൃഷി, മത്സ്യ വിത്തുൽപാദനം, സംയോജിത മത്സ്യകൃഷി മേഖലകളിലെ കർഷകരുമായും സംരംഭകരുമായും മന്ത്രി ആശയവിനിമയം നടത്തി.
സ്ഥാപനത്തിലെ സയൻസ് ടെക്നോളജി ഇന്നവേഷൻ ഹബ്ബും, ഹാച്ചറികളും ലബോറട്ടറികളും മന്ത്രി സന്ദർശിച്ചു. ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ്‌വാട്ടർ അക്വാകൾച്ചർ ഡയറക്ടർ ഡോ കുൽദീപ് കെ ലാൽ, സിഎംഎഫ്ആർഐ ഷെൽഫിഷ് ഫിഷറീസ് ഡിവിഷൻ മേധാവി ഡോ എ പി ദിനേശ്ബാബു എന്നിവർ പ്രസംഗിച്ചു.
∙ സിഫ്ടിൽ എത്തിയ കേന്ദ്രമന്ത്രി വിവിധ ഗവേഷണ പദ്ധതികളുടെ പുരോഗതിയും സാങ്കേതിക മുന്നേറ്റങ്ങളും വിലയിരുത്തി. ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ബോട്ടുകളിൽ നിന്നുള്ള ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്കിൽ നിന്നു (എഫ്ആർപി) വികസിപ്പിച്ച ഉൽപന്നങ്ങൾ മന്ത്രി പ്രകാശനം ചെയ്തു. കൃഷി മേഖലയിലെ മാലിന്യ നിവാരണത്തിനു വേണ്ടി സിഫ്ട് നിർമിച്ച ബയോബൂസ്റ്റ്, മൈക്രോബൂസ്റ്റ് (ജീവാണു മിശ്രിതം) എന്നിവയും മന്ത്രി പ്രകാശനം ചെയ്തു.
കൗൺസലർ ദിപിൻ ദിലീപിനു മിശ്രിതം കൈമാറി. മത്സ്യ മാലിന്യം മത്സ്യത്തീറ്റയും വളവുമാക്കി മാറ്റുന്ന നൂതന യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനുള്ള കരാറിന്റെ ധാരണാപത്രം മന്ത്രി കൈമാറി. സിഫ്റ്റിന്റെ വിവിധ പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്തു,. സിഫ്ട് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, ഡോ. വി. ഗീതാലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
∙ ഫിഷറി സർവേ ഓഫ് ഇന്ത്യയുടെ മറൈൻ എൻജിനീയറിങ് യൂണിറ്റിൽ കേന്ദ്രമന്ത്രിയെ സോണൽ ഡയറക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ലൈഫ് റാഫ്റ്റ് വിഭാഗവും വർക്‌ഷോപ്പുകളും സ്ലിപ് വേയും സർവേ യാനങ്ങളും മന്ത്രി സന്ദർശിച്ചു. ടെക്നിക്കൽ ടീം പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്ഥാപനത്തിലെ ഹൗസ് കീപ്പിങ് ജീവനക്കാരെ കേന്ദ്രമന്ത്രി ആദരിച്ചു. മത്സ്യമേഖലയിലെ ഗവേഷകർക്കും തൊഴിലാളികൾക്കും ഉപകാരപ്രദമായ, ഫിഷറി സർവേ ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണങ്ങൾ മന്ത്രി പ്രകാശനം ചെയ്തു.