ജല അതോറിറ്റിയുടെ വെള്ളം എത്തിയില്ല; വാർഡുകളിൽ വെള്ളം എത്തിച്ചു നഗരസഭ
Mail This Article
പറവൂർ ∙ 4 ദിവസമായി ജല അതോറിറ്റിയിൽ നിന്നു വെള്ളം കിട്ടാതായതോടെ വാർഡുകളിൽ നഗരസഭയുടെ ചെലവിൽ വാഹനങ്ങളിൽ വെള്ളമെത്തിച്ചു. നഗരത്തിലെ ഭൂരിഭാഗം വാർഡുകളിലും ജലക്ഷാമം രൂക്ഷമാണ്. അടിക്കടിയുള്ള പൈപ്പ് പൊട്ടൽ, ചൊവ്വര ജലശുദ്ധീകരണ ശാലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണങ്ങളായി ജല അതോറിറ്റി പറയുന്നത്. നഗരസഭാധ്യക്ഷ ബീന ശശിധരന്റെ നേതൃത്വത്തിൽ ശനിയാഴ്ച ജല അതോറിറ്റിയിൽ എത്തി കൗൺസിലർമാർ പ്രതിഷേധിച്ചിരുന്നു.
അന്നു രാത്രിയോടെ വെള്ളം എത്തുമെന്നു ജല അതോറിറ്റി അധികൃതർ ഉറപ്പു നൽകിയതിനെത്തുടർന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ, ഇന്നലെ രാവിലെ ആയിട്ടും വെള്ളം വരാതിരുന്നതിനാലാണു വാഹനങ്ങളിൽ വെള്ളം എത്തിച്ചതെന്നും ഇത്രയും ദിവസമായിട്ടും വെള്ളം ലഭ്യമാക്കാൻ ജല അതോറിറ്റിക്ക് കഴിയാത്തതു പ്രതിഷേധാർഹമാണെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളുടെ വിവിധ മേഖലകളിലും ജലക്ഷാമം ഉണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വടക്കേക്കര പഞ്ചായത്തിലെ ജനപ്രതിനിധികളും ജല അതോറിറ്റി ഓഫിസിലെത്തി പ്രതിഷേധിച്ചിരുന്നു.