ADVERTISEMENT

അങ്കമാലി ∙ 116 കോടി ര‌ൂപ ചെലവിൽ ദേശീയപാത നിലവാരത്തിൽ പുനർനിർമിക്കുന്ന മൂക്കന്നൂർ -ഏഴാറ്റുമുഖം റോഡിന്റെ ആരംഭ ഭാഗത്ത് 200 മീറ്ററിൽ ഇതുവരെ നിർമാണം തുടങ്ങിയിട്ടില്ല. നാലു വർഷം മുൻപ് നിർമാണം തുടങ്ങിയ മൂക്കന്നൂർ-ഏഴാറ്റുമുഖം റോഡ് നിർമാണം കരയാംപറമ്പ് ബാങ്ക് ജംക്‌ഷനിൽ നിന്നാണ് ആരംഭിച്ചിരിക്കുന്നത്. ബാങ്ക് ജംക്‌ഷൻ മുതൽ ദേശീയപാതയോടു ചേർന്നുള്ള 200 മീറ്റർ ഭാഗത്ത് ഇതുവരെ ഒരു നിർമാണവും നടത്തിയിട്ടില്ല. കരയാംപറമ്പ് ബാങ്ക് ജംക്‌ഷൻ മുതൽ ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് 12 മീറ്ററോളം വീതിയുണ്ട്. റോഡിന്റെ ആരംഭ ഭാഗവും 12 മീറ്റർ വീതിയിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. മൂക്കന്നൂർ -ഏഴാറ്റുമുഖം റോഡ് കരയാംപറമ്പ് ബാങ്ക് ജംക്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പഴയ ദേശീയപാതയിൽ കയറി വലത്തോട്ടു തിരിഞ്ഞ് ഇപ്പോഴത്തെ സിഗ്നൽ ജംക്‌ഷനിൽ എത്തിച്ചേരുന്ന റോഡായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.

1996ൽ റോഡിന്റെ നീളം 500 മീറ്റർ കുറയ്ക്കുന്നതിനും മൂന്നു വളവുകൾ ഒഴിവാക്കുന്നതിനുമായി കരയാംപറമ്പ് ബാങ്ക് ജംക്‌ഷനിൽ നിന്ന് 200 മീറ്റർ നീളത്തിൽ പുതിയ റോഡ് നിർമിച്ചു.1992 ലെ 6(1) വിജ്ഞാപന പ്രകാരം 4 ഭൂവുടമകളിൽ നിന്ന് ഭൂമി പൊന്നും വിലയ്ക്ക് എടുത്തും പുറമ്പോക്ക് ഏറ്റെടുത്തും നിലവിലുണ്ടായിരുന്ന ഇടവഴിയും കൂട്ടിച്ചേർത്താണ് വളവുകൾ നിവർത്തിയത്. ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടു ലഭിച്ച വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണു റോഡിന്റെ മറ്റിടങ്ങളിലെ വീതി ഇവിടെയുണ്ടെന്നും ഇവിടെ റോഡ് വികസിപ്പിക്കണമെന്നും ആവശ്യം ഉയർന്നിരിക്കുന്നത്.ബാങ്ക് ജംക്‌ഷനോടു ചേർന്ന് പഴയ ദേശീയപാതയിലേക്ക് 70.7 മീറ്റർ നീളമുള്ള പഴയ ഇടവഴിയും ഇടവഴിയുടെ ഇരുവശവുമുള്ള സ്ഥലമാണ് ഏറ്റെടുത്തത്. 

മുൻപ് റോഡിന്റെ വീതിയെ സംബന്ധിച്ച് ആലുവ അഡീഷനൽ തഹസിൽദാർ കലക്ടർക്ക് നൽകിയ റിപ്പോർട്ട് പ്രകാരം ഈ ഭാഗത്ത് ഇപ്പോൾ 15.72 സെന്റ് വിസ്തീർണമാണുള്ളത്. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഈ ഭാഗത്ത് മറ്റിടങ്ങളിലേ പോലെ വീതിയിൽ റോഡ് നിർമിക്കാമെന്നു ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകിയിട്ടുള്ളത്. എന്നാൽ ഇതുസംബന്ധിച്ച് രേഖകളിൽ പലതും പൊതുമരാമത്ത് വകുപ്പ്, റവന്യു ഓഫിസുകളിൽ ലഭ്യമല്ലെന്നാണ് വിവരാവകാശം പ്രകാരം നൽകിയ അപേക്ഷയിൽ പൊതുപ്രവർത്തകൻ എം.പി.ജോസ് മാവേലിക്ക് മറുപടി ലഭിച്ചത്. റോഡിന്റെ ദേശീയപാതയോട് ചേർന്ന് കിടക്കുന്ന ഭാഗം ദേശീയപാതയിൽ നിന്നു 2 മീറ്റർ താഴ്ചയിലാണ്. താഴ്ന്നു കിടക്കുന്നതിനാൽ കരയാംപറമ്പ് സിഗ്നൽ ജംക്‌ഷനിൽ അപകടങ്ങൾ വർധിച്ചു.ജംക്‌ഷൻ വിപുലീകരിക്കുന്നതിനും ദേശീയപാതയുടെ ഉയരത്തിൽ റോഡ് നിർമിക്കുന്നതിനും മൂക്കന്നൂർ- ഏഴാറ്റുമുഖം റോഡിന്റെ ഇരുവശത്തുമായി ദേശീയപാത അതോറിറ്റി വേണ്ടത്ര സ്ഥലം ഏറ്റെടുത്തിട്ടുമുണ്ട്.

English Summary:

Despite a Rs 116 crore budget, the initial 200 meters of the Mookkannur-Ezhattumukham Road widening project remains untouched, causing concern among residents. While construction progresses from Karayamparambu Bank Junction onwards, the initial stretch awaits attention, raising questions about project completion and consistent road width.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com