ADVERTISEMENT

കൊച്ചി ∙ മുംബൈ പൊലീസ് എന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് വഴി എറണാകുളം സ്വദേശിയുടെ 5 ലക്ഷം രൂപ തട്ടിയെടുത്ത ‌കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി മണിപ്പുറം കെയ്താപ്പറമ്പിൽ വീട്ടിൽ കെ.പി. മുഹമ്മദ് തുഫൈലിനെയാണു(30) കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കുറിയർ സർവീസിലെ ജീവനക്കാരൻ എന്ന രീതിയിൽ എറണാകുളം സ്വദേശിയെ വിളിച്ചതോടെയാണു തട്ടിപ്പിന്റെ തുടക്കം. പരാതിക്കാരന്റെ മുംബൈയിലുള്ള വിലാസത്തിൽ നിന്നു ചൈനയിലെ ഷാങ്ഹായിലേക്കു നിയമവിരുദ്ധമായി എടിഎം കാർഡ്, ലാപ്ടോപ്, പണം, രാസലഹരി എന്നിവ അയച്ചിട്ടുണ്ടെന്ന് അറിയിച്ചു. ശേഷം മുംബൈ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ആണെന്നു പറഞ്ഞു വീണ്ടും എറണാകുളം സ്വദേശിയെ വിളിച്ചു.

കുറിയർ അയച്ച സംഭവത്തിൽ‌ സിബിഐ കേസ് റജിസ്റ്റർ ചെയ്തുവെന്നു വിശ്വസിപ്പിച്ചു. എറണാകുളം സ്വദേശിയുടെ അക്കൗണ്ട് കോടതിയിൽ വെരിഫൈ ചെയ്യണമെന്നും അതിനുള്ള തുകയായി നോട്ടറിയുടെ ബാങ്ക് അക്കൗണ്ടിലേക്കു 5 ലക്ഷം രൂപ ഇടണമെന്നും പറഞ്ഞു. വി രണ്ടു പോയ പരാതിക്കാരൻ ഇവർ നൽകിയ അക്കൗണ്ടിലേക്കു 5 ലക്ഷം നൽകി.  തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞ് എറണാകുളം സ്വദേശി കഴിഞ്ഞ ഫെബ്രുവരിയിൽ പരാതി നൽകിയതോടെ ടൗൺ സൗത്ത് പൊലീസ് കേസ് എടുത്ത ശേഷം സൈബർ പൊലീസിനു കൈമാറി. ബാങ്ക് അക്കൗണ്ടും വിവിധ ഇടപാടുകളും പരിശോധിച്ചപ്പോഴാണു പ്രതിയെ പിടികൂടിയത്. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്ഐ കെ.ആർ. രൂപേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നിഖിൽ ജോർജ്, അജിത് ബാലചന്ദ്രൻ, ആൽഫിറ്റ് ആൻഡ്രൂസ്, പി. എക്സ്. ദീപ എന്നിവരുള്ള ടീം ആണു പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിന്റെ തുടരന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com