ADVERTISEMENT

കോതമംഗലം∙ കൊടുംകാട്ടിൽ തനിച്ചായപ്പോൾ പോരിന്റെ വീര്യം അടങ്ങി പുതുപ്പള്ളി സാധു ‘ശരിക്കും സാധു’വായി. ഭൂതത്താൻകെട്ടിനു സമീപം സിനിമയിൽ ‘അഭിനയിക്കുന്നതിനിടെ’ ഒപ്പമുണ്ടായിരുന്ന കൊമ്പനുമായി ഏറ്റുമുട്ടി കാട്ടിലേക്ക് ഇടഞ്ഞോടിയ സാധുവിനെ വനപാലകരും പാപ്പാൻമാരും ചേർന്ന് ഇന്നലെ രാവിലെ തിരഞ്ഞു കണ്ടെത്തി.  ഒരു രാത്രി കാടിന്റെ വന്യതയിൽ ഒറ്റപ്പെട്ടപ്പോൾ പകച്ചുപോയ കൊമ്പൻ, തന്നെ തിരഞ്ഞ് എത്തിയവർക്കൊപ്പം അനുസരണയുള്ള കുട്ടിയായി കാടിറങ്ങി. പിന്നെ, സിനിമയും ഷൂട്ടിങ്ങും ഒന്നും വേണ്ടെന്നു വച്ചു ലോറിയിൽ കയറി നാട്ടിലേക്കു മടങ്ങി. തുണ്ടത്തിൽ വനമേഖലയിലെ ഭൂതത്താൻകെട്ട് മാതൃകാ ഫോറസ്റ്റ് സ്റ്റേഷനു സമീപം വനത്തിൽ ഏറെ ഉള്ളിലേക്കല്ലാതെയാണു കൊമ്പനെ കണ്ടെത്തിയത്.

വെറും സാധു: റോഡിലെത്തിച്ച പുതുപ്പള്ളി സാധുവിനെ ലോറിയിൽ കയറ്റുന്നു.
വെറും സാധു: റോഡിലെത്തിച്ച പുതുപ്പള്ളി സാധുവിനെ ലോറിയിൽ കയറ്റുന്നു.

വെള്ളിയാഴ്ച വൈകിട്ടു ഷൂട്ടിങ് പാക്കപ്പായ ശേഷം ആനകളെ തിരികെ ലോറിയിൽ കയറ്റുന്നതിനിടെയാണു സാധു, തടത്താവിള മണികണ്ഠൻ എന്ന ആനയുമായി കൊമ്പു കോർത്തത്. സിനിമയിൽ കാട്ടാനകളായി അഭിനയിക്കുകയായിരുന്നതിനാൽ ചങ്ങല മാറ്റിയിരുന്നു. രണ്ടാനകളും വിരണ്ടു കാട്ടിലേക്ക് ഓടിയെങ്കിലും മണികണ്ഠനെ ഉടൻ തന്നെ കണ്ടെത്തി. സാധുവിനായുള്ള തിരച്ചിൽ രാത്രി വൈകി നിർത്തിയെങ്കിലും കാട്ടാനകളുടെ ആക്രമണം ഉണ്ടാകാതെ വനപാലകർ പ്രദേശത്തു നിരീക്ഷണം ഏർപ്പെടുത്തി. ഇന്നലെ രാവിലെ ആറിനു തിരച്ചിൽ പുനരാരംഭിച്ചു. വനപാലകരും മലയാറ്റൂരിൽ നിന്നുള്ള വനം ദ്രുതകർമസേനയും പാപ്പാൻമാരും ആനയുടമ സംഘത്തിന്റെ ഡോക്ടർമാരും ഉൾപ്പെടെ 80 പേർ പല സംഘമായി തിരിഞ്ഞായിരുന്നു തിരച്ചിൽ.  

മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ് തിരച്ചിലിനു നേതൃത്വം നൽകി. ഒടുവിൽ ആനയുടെ കാൽപ്പാടുകൾ കണ്ടെത്തി പിന്തുടർന്നാണ് ഒരു സംഘം ആനയെ കണ്ടെത്തിയത്. ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു കോതമംഗലം റൂട്ടിൽ 150 മീറ്റർ അകലെ റോഡിനു വലതുവശത്തു വനത്തിനുള്ളിൽ 300 മീറ്റർ ഉള്ളിലായാണു നിന്നിരുന്നത്. വനത്തിൽ ഒന്നര കിലോമീറ്ററോളം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച സാധു ഗതിമുട്ടിയതോടെ ഒരിടത്തു തന്നെ തങ്ങുകയായിരുന്നു എന്നാണു വനപാലകരുടെ നിഗമനം.

ആനയെ പാപ്പാന്മാരും വനപാലകരും ചേർന്നു പുറത്തെത്തിച്ചു ലോറിയിൽ കയറ്റി പുതുപ്പള്ളിയിലേക്കു കൊണ്ടുപോയി. പരുക്കൊന്നും ഇല്ലെന്നും ആന ആരോഗ്യവാനാണെന്നും വനപാലകർ പറഞ്ഞു. തെലുങ്കു സൂപ്പർതാരം വിജയ് ദേവരക്കൊണ്ട നായകനായ സിനിമയുടെ ഷൂട്ടിങ്ങിനായാണു 3 പിടിയാനകളെയും 2 കൊമ്പന്മാരെയും വനംവകുപ്പിന്റെ അനുമതിയോടെ എത്തിച്ചത്. സംഭവത്തിനു ശേഷം മറ്റ് ആനകളെ വെള്ളിയാഴ്ച വൈകിട്ടു തന്നെ സെറ്റിൽ നിന്നു നീക്കി. ഷൂട്ടിങ് നിർത്തിവച്ചിരിക്കയാണ്. പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ വർഗീസിന്റെ ഉടമസ്ഥതയിലുള്ള ആനയാണു സാധു. 

‘വലിയ സീനൊന്നും’ ഉണ്ടാക്കാതെ സാധുവിന്റെ കാടിറക്കം
കൊച്ചി∙ ‘ടാ മോനേ വാടാ....’ ശാന്തനെങ്കിലും കാടിന്റെ വന്യതയിൽ ആകെ പകച്ച് ഉലഞ്ഞുനിന്ന പുതുപ്പള്ളി സാധു, ഒന്നാം പാപ്പാൻ മണിമല ബിനുവിന്റെ ആ വിളിയിൽ അലിഞ്ഞു. ബിനു അടുത്തു ചെന്നു കൊമ്പിൽ തൊട്ടു വിളിച്ചതോടെ ഇണക്കത്തോടെ നേർത്തൊരു ശബ്ദമുണ്ടാക്കി വിളികേട്ടു. പിന്നെ, തുമ്പിക്കൈ ഉയർത്തി ബിനുവിന്റെ മുഖത്തു തൊട്ടു തലോടിയുള്ള സ്നേഹപ്രകടനമായി. ഒടുവിൽ പാപ്പാനെ ചേർത്തു പിടിച്ചുള്ള കാടിറക്കം. വീണ്ടും പരിഭ്രാന്തനാകുമോ എന്ന് ആശങ്കയുള്ളതിനാൽ ആനയുടെ കൊമ്പിൽ പിടിച്ചു 100 മീറ്ററോളം നടത്തി കാടിറക്കിയ ശേഷമാണു ചങ്ങലയിട്ടത്. തലേന്നത്തെ പോരാട്ടത്തിന്റെ വീര്യം ഒട്ടുമില്ലാതെ, ആകെ പരിഭ്രാന്തനും ക്ഷീണിതനുമായിരുന്നു, കണ്ടെത്തുമ്പോൾ ആന.         

ഫോറസ്റ്റ് വാച്ചർ രവി
ഫോറസ്റ്റ് വാച്ചർ രവി

വെള്ളിയാഴ്ച പാതിരാത്രിയോടെ നിർത്തിവച്ച തിരച്ചിൽ ഇന്നലെ രാവിലെ ആറിനാണു പുനരാരംഭിച്ചത്. വനപാലകരും മലയാറ്റൂരിൽ നിന്നുള്ള വനം ദ്രുതകർമസേനയും പാപ്പാന്മാരും ആനയുടമ സംഘത്തിന്റെ ഡോക്ടർമാരും ഉൾപ്പെടെ പല സംഘങ്ങളായി തിരിഞ്ഞാണു തിരച്ചിലാരംഭിച്ചത്. എന്നാൽ, ഇവരെല്ലാവരും വെള്ളിയാഴ്ച ഉൾക്കാട്ടിലേക്ക് ആന ഓടിപ്പോയ, അതേ ദിശയിലേക്കാണു കയറിയത്. ആനയെ കണ്ടെത്തിയതാകട്ടെ ഇതിന്റെ നേരെ വിപരീത ദിശയിലും. ഇതിൽ നിർണായകമായതു ഇടമലയാർ സ്റ്റേഷനിലെ വനം വാച്ചർ പി.പി.രവിയുടെ ഇടപെടലാണ്. തിരച്ചിൽ സംഘങ്ങൾ കാട്ടിൽ കയറിയ ശേഷമാണു വടാട്ടുപാറ സ്വദേശിയായ രവി സ്ഥലത്തെത്തിയത്.

30 വർഷത്തെ അനുഭവ പരിചയമുള്ള രവി ഷൂട്ടിങ് ലൊക്കേഷൻ പരിസരത്ത് ഒന്നു തിരയാം എന്നു കരുതിയാണു മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങി മറ്റൊരു വാച്ചറായ കരുണാകരനെയും സാധുവിന്റെ രണ്ടാം പാപ്പാൻ തുരുത്തി വിഷ്ണുവിനെയും കൂട്ടി അന്വേഷണം തുടങ്ങിയത്. ഭൂതത്താൻകെട്ട്–കോതമംഗലം റൂട്ടിലെ എസ് വളവിനു സമീപം ആനയുടെ കാലടയാളം കണ്ടെത്തിയതോടെ സംശയമായി. ആനയുടെ വലുപ്പവും കാലടയാളവും താരതമ്യം ചെയ്യുമ്പോൾ സാധുവിന്റെ കാലടയാളം ആകാൻ സാധ്യതയുണ്ടെന്നു രണ്ടാം പാപ്പാൻ ഉറപ്പിച്ചു പറ‍ഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ എപ്പോഴെങ്കിലും ആന, മടങ്ങിയെത്തി റോഡ് മുറിച്ചു കടന്ന് എതിർവശത്തെ വനത്തിലേക്കു പോയിട്ടുണ്ടാകാമെന്ന സംശയം ഇതോടെ ശക്തമായി. 

വിവരമറിയിച്ചതോടെ കുട്ടമ്പുഴ റേഞ്ച് ഓഫിസറും സംഘവുമെത്തി രവിക്കൊപ്പം ചേർന്നു. തുടർന്നു നടത്തിയ തിരച്ചിലിൽ വനത്തിനുള്ളിൽ പലയിടത്തും കാൽപ്പാദങ്ങളുടെ അടയാളം കണ്ടെത്തി. പരിഭ്രാന്തനായ ആന വനത്തിനുള്ളിൽ ചുറ്റിക്കറങ്ങി നടക്കുകയാണെന്ന് വ്യക്തമായി. അധികം ഉള്ളിലേക്കു പോയിട്ടുണ്ടാകാൻ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പിച്ചു. അധികം വൈകാതെ കാടിനുള്ളിൽ പതുങ്ങി നിന്ന സാധുവിനെ കണ്ടെത്തി. രണ്ടാം പാപ്പാൻ പല തവണ പേരു ചൊല്ലി വിളിച്ചിട്ടും മുഖം തിരിച്ചായിരുന്നു നിൽപ്. രാത്രി തീറ്റയെടുക്കാത്തതിനാൽ ആന അവശനാണെന്ന് വനം ഉദ്യോഗസ്ഥർ കണ്ടെത്തി. രണ്ടാം പാപ്പാനോ ഉദ്യോഗസ്ഥരോ അടുത്തേക്കു ചെന്നാൽ വീണ്ടും ഓടിപ്പോയാലോ എന്ന ആശങ്കയും ഉണ്ടായിരുന്നു.  ഇതോടെ, ഒന്നാം പാപ്പാനെ സ്ഥലത്തേക്കു വിളിച്ചു വരുത്തി. തുടർന്ന് പാപ്പാനും ആനയുമായുള്ള പുനഃസമാഗമത്തിന്റെ ഊഷ്മളമായ രംഗങ്ങളോടെ സാധുവിന്റെ തിരോധാനത്തിനു ശുഭപര്യവസാനം.

English Summary:

After a dramatic escape into the forest from a film set near Bhuthathankettu, Puthuppally Sadhu, the tusker, was found safe and sound. The once-charging elephant was subdued after a night alone and willingly accompanied rescuers out of the forest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com