ADVERTISEMENT

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക നിവാരണത്തിനായി നടപ്പിലാക്കിയ ‘ഓപ്പറേഷൻ പ്രവാഹ്’ രണ്ടാം ഘട്ട പദ്ധതികൾ സിയാലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നു. ചെങ്ങൽത്തോട്ടിൽ റഗുലേറ്റർ കം ബ്രിജും 3 പുതിയ പാലങ്ങളുമാണ് രണ്ടാം ഘട്ടത്തിൽ നിർമിക്കുന്നത്. പെരിയാറിൽ നിന്ന് ചെങ്ങൽത്തോട് തുടങ്ങുന്ന ഭാഗത്ത് റഗുലേറ്റർ കം ബ്രിജ്, ചൊവ്വര, പുളിയാമ്പള്ളി, മഠത്തിമൂല എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ എന്നിവയാണ് രണ്ടാം ഘട്ടത്തിലുള്ളത്.

2022ലാണ് സിയാൽ ഓപ്പറേഷൻ പ്രവാഹ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്. റൺവേയുടെ തെക്കു ഭാഗത്തുള്ള ഡൈവേർഷൻ കനാൽ വീതി കൂട്ടുകയും 20 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ വിവിധ തോടുകൾ നവീകരിക്കുകയും ചെയ്തതോടെ വിമാനത്താവളത്തിലെയും പരിസരത്തെ പത്തോളം തദ്ദേശ സ്ഥാപനങ്ങളെയും ബാധിച്ചിരുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനായി.

ഇക്കഴിഞ്ഞ ജൂലൈയിൽ പെയ്ത കനത്ത മഴയിൽ പെരിയാറിലെ ജലനിരപ്പ് 8.06 മീറ്ററായി ഉയർന്നിരുന്നു. സാധാരണ നിലയിൽ അപകടകരമായ ജല നിരപ്പാണിത്. മുൻവർഷങ്ങളിൽ ഈ മേഖലയിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണമായ ജല നിരപ്പിനേക്കാളും കൂടുതലാണിത്. എന്നാൽ ഓപ്പറേഷൻ പ്രവാഹ് ആദ്യഘട്ടം പൂർത്തിയാക്കിയതിനാൽ ഇത്തവണ വെള്ളപ്പൊക്കം ഒഴിവാക്കാനായി.

ഓപ്പറേഷൻ പ്രവാഹിന്റെ രണ്ടാം ഘട്ടത്തിന് സിയാൽ ഡയറക്ടർ ബോർഡ് അനുമതി നൽകിയതോടെ 80 കോടി രൂപ ചെലവിട്ടുള്ള വിവിധ വികസന പ്രവർത്തനങ്ങളാണ് തുടങ്ങുക. ചെങ്ങൽത്തോടിന്റെ ഉത്ഭവ സ്ഥാനത്ത് നിർമിക്കുന്ന റെഗുലേറ്റർ കം ബ്രിജ് ആണ് ഇതിൽ പ്രധാനം. ഇതിന്റെ ടെൻഡർ നടപടികൾ ഉടനെ ആരംഭിക്കും. വിമാനത്താവളത്തിന്റെ തൊട്ടടുത്ത പ്രദേശങ്ങളല്ലെങ്കിലും നീരൊഴുക്ക് ഉറപ്പാക്കാൻ ചൊവ്വര, മഠത്തിമൂല, പുളിയാമ്പള്ളി ഭാഗങ്ങളിലെ കലുങ്കുകൾ മാറ്റുകയും അവയ്ക്ക് പകരം പുതിയ പാലങ്ങൾ നിർമിക്കും.

കലക്ടർ അധ്യക്ഷനായ ദുരന്ത നിവാരണ സമിതി ഇൗ പ്രവൃത്തികൾ ജലസേചന വകുപ്പിനെ ഏൽപിച്ചിരുന്നു. ഈ നിർമാണ പ്രവർത്തനങ്ങളും മുഖ്യമന്ത്രി അധ്യക്ഷനായ സിയാൽ ഡയറക്ടർ ബോർഡ് യോഗം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സിയാൽ ഏറ്റെടുക്കുകയാണ്. റഗുലേറ്റർ കം ബ്രിജും 3 പാലങ്ങളും ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com