കുടിവെള്ള വിതരണം സ്വകാര്യവൽകരിക്കുന്നത് സമൂഹത്തെ തകർക്കും: ഡോ.രാജേന്ദ്ര സിങ്
Mail This Article
കൊച്ചി∙ കേരളത്തിലെ കുടി വെള്ളവിതരണം സ്വകാര്യവൽകരിക്കുന്നതിന്റെ പ്രാരംഭ ഘട്ടമായാണ് കൊച്ചിൻ കോർപറേഷനിലെ കുടിവെള്ള വിതരണം വിദേശ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കമെന്നും ഇത് കേരള സമൂഹത്തെ തകർക്കുന്നതിന് ഇടയാക്കുമെന്നും പൊതുവേ സാമ്പത്തികശേഷി കുറഞ്ഞ സാധാരണ ജനങ്ങൾക്ക് താങ്ങാനാവാത്ത ഭാരം വരുത്തിവെക്കുമെന്നും ഇന്ത്യയുടെ ജല മനുഷ്യൻ എന്നറിയപ്പെടുന്ന ഡോ.രാജേന്ദ്ര സിങ് അഭിപ്രായപ്പെട്ടു. എഡിബി വായ്പ കരാറിലെ ഉപാധിയുടെ ഭാഗമായി കൊച്ചിൻ കോർപറേഷനിലെ കുടിവെള്ള വിതരണം വാട്ടർ അതോറിറ്റിയിൽ നിന്നും മാറ്റി സ്വകാര്യ വിദേശ ഏജൻസിയായ സ്യൂയിസിനെ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥ നീക്കത്തെ പ്രതിരോധിക്കുന്നതിന് ഗ്രീൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ചാവറ കൾച്ചറൽ സെന്ററിൽ ചേർന്ന സന്നദ്ധ പ്രസ്ഥാനങ്ങളുടേയും തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും രാഷ്ട്രിയ കക്ഷിപ്രതിനിധികളുടെയും സംയുക്ത കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ചന്ദ്രമോഹൻ കുമാർ, വിഷയാവതരണം നടത്തി. തുടർപരിപാടികൾ ആവിഷ്കരിക്കുന്നതിന് 12ന് രാവിലെ 11 മണിക്ക് ഗാന്ധി ഭവനിൽ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം ചേരുന്നതിന് നിശ്ചയിച്ചു. സംഘാടകസമിതി ചെയർമാൻ ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു. സി.ആർ.നീലകണ്ഠൻ, ടി.വി.രാജൻ, എം.എം.ജോർജ്, വർഗ്ഗീസ് പുല്ലുവഴി, കെ.വി.ബിജു, കുരുവിള മാത്യൂസ്, പ്രൊഫ.വേണുഗോപാൽ, പി.വി.ശശിധരൻ പിള്ള വിളയോടി വേണുഗോപാൽ, ജീൻസി ജേക്കബ്, അബ്ദുൾ ജബ്ബാർ, ജേക്കബ് പുളിക്കൻ എന്നിവർ പ്രസംഗിച്ചു.