തീരദേശ റെയിൽപാതയിൽ യാത്രാക്ലേശം രൂക്ഷം; ശ്വാസംമുട്ടുന്ന അവസ്ഥയാണെന്നു യാത്രക്കാർ
Mail This Article
കൊച്ചി ∙ കോട്ടയം വഴി എറണാകുളത്തേക്കു പുതിയ ട്രെയിൻ ഓടിത്തുടങ്ങുമ്പോഴും തീരദേശ റെയിൽപാതയിൽ യാത്രാക്ലേശം രൂക്ഷം. ആലപ്പുഴ ഭാഗത്തുനിന്നു ദിവസവും തിങ്ങിഞെരുങ്ങി എറണാകുളത്തെത്തി ജോലി ചെയ്തു മടങ്ങുന്നത് ആയിരങ്ങളാണ്. തിരക്കു കുറയ്ക്കാൻ പുതിയ ട്രെയിനുകൾ അനുവദിക്കുകയോ നിലവിലുള്ള ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടുകയോ ചെയ്യണമെന്ന ആവശ്യം ഏറെ നാളായുണ്ട്. ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ റോഡ് യാത്രക്കാരിൽ ഏറെയും ട്രെയിനുകളെ ആശ്രയിച്ചതോടെ ഈ റൂട്ടിലെ ട്രെയിനുകളിൽ പതിവിലും തിരക്കുണ്ട്.
ഹരിപ്പാട്, അമ്പലപ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നു പുലർച്ചെ സ്ഥിരം യാത്രക്കാർക്ക് എറണാകുളം ഭാഗത്തേക്കുള്ള പോകാനുള്ളത് ഏറനാട് എക്സ്പ്രസാണ്. ആലപ്പുഴയിൽ നിന്ന് 6നു ധൻബാദ് എക്സ്പ്രസും 7.25ന് ആലപ്പുഴ– എറണാകുളം മെമുവുമുണ്ട്. ഇതിൽ ആലപ്പുഴ– എറണാകുളം മെമുവിലാണു തിരക്കേറെ. നിറയെ യാത്രക്കാരുള്ള ഈ ട്രെയിൻ 20 മിനിറ്റോളം തുറവൂരിൽ പിടിച്ചിടും. ഈ സമയത്തു ശ്വാസംമുട്ടുന്ന അവസ്ഥയാണെന്നു യാത്രക്കാർ പറയുന്നു. ആലപ്പുഴ– ധൻബാദ് എക്സ്പ്രസിലും എറണാകുളം വരെ തിരക്കേറെ. വൈകിട്ട് ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രയിലും ദുരിതമേറെയെന്നു സ്ഥിരം യാത്രക്കാർ പറയുന്നു. വൈകിട്ട് 4ന് ആലപ്പുഴ മെമു, 4.20ന് ഏറനാട് എക്സ്പ്രസ് എന്നിവ കഴിഞ്ഞാൽ വൈകിട്ട് 6.25നുള്ള എറണാകുളം– കായംകുളം പാസഞ്ചറാണ് സ്ഥിരം യാത്രക്കാർക്ക് ആശ്രയം. വന്ദേഭാരത് ട്രെയിൻ കടന്നു പോകാനായി ഈ ട്രെയിൻ കുമ്പളം സ്റ്റേഷനിൽ പിടിച്ചിടും.
മുൻപു രാത്രി 7.30ന് ആലപ്പുഴയിൽ എത്തിയിരുന്ന ട്രെയിൻ എട്ടിനു ശേഷമാണ് ഇപ്പോൾ എത്തുന്നതെന്നും പറയുന്നു. ചേർത്തല ഒഴികെയുള്ള സ്റ്റേഷനുകളിലേക്കു സ്വകാര്യ ബസുകളാണു സർവീസ് നടത്തുന്നത്. ഇവ ഏഴരയോടെ സർവീസ് അവസാനിപ്പിക്കും. കുമ്പളം, അരൂർ, തുറവൂർ ഉൾപ്പെടെയുള്ള പല റെയിൽവേ സ്റ്റേഷനുകളിൽ നിന്നു രാത്രി ഏറെ നടന്നാലാണു ബസ് കിട്ടുന്ന സ്ഥലത്ത് എത്തുക. കായംകുളം പാസഞ്ചറിന്റെ സമയക്രമം മാറ്റിയതോടെയാണു യാത്രക്കാർ വലയുന്നതെന്നും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഈ വിഷയങ്ങളിലെല്ലാം ഉണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നു യാത്രക്കാരുടെ സംഘടനാ പ്രതിനിധികൾ പറഞ്ഞു.തീരദേശ റെയിൽപാതയിലെ സിംഗിൾ ലൈനും തിരക്കുള്ള സമയത്തെ പ്ലാറ്റ്ഫോം അപര്യാപ്തതയുമാണു പുതിയ ട്രെയിനുകൾ ഓടിക്കാനും സമയക്രമത്തിനും പലപ്പോഴും തടസ്സമാകുന്നത്.