പുതിയ മെമുവിന് സ്റ്റോപ്പില്ല; കാഞ്ഞിരമറ്റം സ്റ്റേഷനോടു റെയിൽവേയുടെ അവഗണന
Mail This Article
കാഞ്ഞിരമറ്റം ∙ പുതിയ മെമുവിന് സ്റ്റോപ് അനുവദിക്കാതെ കാഞ്ഞിരമറ്റം സ്റ്റേഷനോടു റെയിൽവേയുടെ അവഗണന. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്തു പുതുതായി ആരംഭിച്ച കൊല്ലം-എറണാകുളം മെമു സർവീസിനു കാഞ്ഞിരമറ്റത്ത് സ്റ്റോപ് അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചർ അസോസിയേഷനും രാഷ്ട്രീയ പാർട്ടികളും റസിഡന്റ്സ് അസോസിയേഷനും നിവേദനം നൽകിയിട്ടും റെയിൽവേ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം.ആറു പതിറ്റാണ്ടോളം പഴക്കമുള്ള സ്റ്റേഷനെ ഹാൾട്ട് സ്റ്റേഷനായി തരം താഴ്ത്തിയതോടെ റെയിൽവേക്കു പോലും വേണ്ടാതായെന്നാണു നാട്ടുകാർ പറയുന്നത്. ശോച്യാവസ്ഥയിലുള്ള സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ കുടുതൽ ട്രെയിനുകൾക്കു സ്റ്റോപ് അനുവദിക്കാനോ റെയിൽവേ തയാറായിട്ടില്ല.
ഫ്രാൻസിസ് ജോർജ് എംപി ദിവസങ്ങൾക്കു മുൻപ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ നാട്ടുകാർ അവസ്ഥ വിവരിച്ചിരുന്നു. കോവിഡിനു മുൻപ് 12 ട്രെയിനുകൾക്ക് സ്റ്റോപ് ഉണ്ടായിരുന്ന സ്റ്റേഷനിൽ നിലവിൽ 8 ട്രെയിനുകളാണ് നിർത്തുന്നത്. പുതിയതായി അനുവദിച്ച മെമു രാവിലെ 8.45 നാണു കാഞ്ഞിരമറ്റം സ്റ്റേഷനിലൂടെകടന്നു പോകുന്നത്. 8.55നു തൃപ്പൂണിത്തുറ സ്റ്റേഷനിൽ എത്തുന്ന ട്രെയിൻ 40 മിനിറ്റ് സമയം എടുത്ത് 9.35നാണ് എറണാകുളത്ത് എത്തുന്നതെന്നു യാത്രക്കാർ പറയുന്നു. കാഞ്ഞിരമറ്റത്ത് നിർത്തിയാലും ഈ ട്രെയിനിനു സമയം പാലിച്ചു പോകാനാകും.എറണാകുളം നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ പഞ്ചായത്തിലുള്ളവരാണു പ്രധാനമായും സ്റ്റേഷനെ ആശ്രയിക്കുന്നത്. ബസ് യാത്രയ്ക്കു പ്രതിദിനം 100 രൂപയോളം ചെലവാകുമ്പോൾ തുച്ഛമായ തുകയ്ക്കു യാത്ര ചെയ്യാമെന്നതിനാലാണ് ജോലിക്കാർ ട്രെയിൻ യാത്ര തിരഞ്ഞെടുക്കാൻ കാരണം.അതിനാൽ സാധാരണക്കാർക്കു പ്രയോജനപ്പെടുന്ന തരത്തിൽ ട്രെയിനിനു സ്റ്റോപ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.