മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ
Mail This Article
പിറവം∙മണീട് ചാലപ്പുറം കൂമുള്ളിൽപടി കനാൽ റോഡിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതു വ്യാപകമായതോടെ നാട്ടുകാർ ബുദ്ധിമുട്ടിൽ. പഞ്ചായത്തിലൂടെ കടന്നു പോകുന്ന പിവിഐപി കനാലിന് അതിരിടുന്ന റോഡാണിത്. കൊച്ചിയിൽ നിന്നു മാലിന്യ നീക്കത്തിനു കരാർ എടുക്കുന്നവരും മേഖലയിലെ ഹോട്ടലുകളിൽ നിന്നുള്ള അവശിഷ്ടങ്ങളും എല്ലാം പ്ലാസ്റ്റിക് ബാഗിലും ചാക്കിലും നിറച്ച് ഇൗ ഭാഗത്തു തള്ളുന്നുണ്ട്.
ചിലപ്പോൾ കനാലിന്റെ ഉള്ളിലേക്കും മാലിന്യങ്ങൾ ചിതറി വീഴും. കഴിഞ്ഞ ദിവസം തിരുവാണിയൂരിൽ ഫ്ലാറ്റിൽ നിന്നുള്ള മാലിന്യം ഇവിടെ തള്ളി . കവറിനുള്ളിൽ നിന്നു ലഭിച്ച വിലാസം പിന്തുടർന്ന് ഉടമയെ കണ്ടെത്തി. 10000 രൂപ പിഴ ചുമത്തിയതായി പഞ്ചായത്ത് ഭരണസമിതി അംഗം മീനു മോൻസി പറഞ്ഞു. നേരത്തെ പേപ്പതിയിൽ ഹോട്ടലിൽ നിന്നുള്ള അവശിഷ്ടങ്ങളും ഇവിടെ ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു.പിറവം മുളന്തുരുത്തി പൊലീസ് സ്റ്റേഷനുകൾക്ക് അതിരിടുന്ന പ്രദേശമാണിത്. രാത്രികാല പരിശോധന കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.