അറ്റകുറ്റപ്പണി; കുണ്ടന്നൂർ പാലം 15 മുതൽ ഒരു മാസം അടച്ചിടും
Mail This Article
കുണ്ടന്നൂർ ∙ ദേശീയ പാത 966ബി കുണ്ടന്നൂർ ജംക്‌ഷൻ മുതൽ സിഫ്റ്റ് ജംക്‌ഷൻ വരെ നടക്കുന്ന അറ്റകുറ്റപ്പണിയുടെ ഭാഗമായി 15 മുതൽ ഒരു മാസം കുണ്ടന്നൂർ– തേവര പാലം, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങൾ അടച്ചിടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. യാത്രികരുടെ ഏറെ നാളത്തെ മുറവിളിക്കും പ്രതിഷേധങ്ങൾക്കുമാണ് ഇതോടെ പരിഹാരമാകുന്നത്. സ്റ്റോൺ മാസ്റ്റിക് അസാൾട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ടാർ ചെയ്യുന്നത്. പാലത്തിലെ ശോച്യാവസ്ഥയിലായ ടാറിങ് മിൽ ചെയ്തു പൂർണമായി നീക്കിയതിനു ശേഷമാകും പുതിയ ടാറിങ്ങെന്നു ദേശീയ പാത അധികൃതർ പറഞ്ഞു. നവംബർ 15നു പാലം തുറന്നു കൊടുക്കാനാകുമെന്നാണു പ്രതീക്ഷ.
∙ 5നു പുലർച്ചെ മുതൽ തേവര-കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങളിലൂടെ ഇരുചക്രം ഉൾപ്പെടെ ഒരു വാഹനത്തെയും കടത്തിവിടില്ല.
∙പശ്ചിമകൊച്ചി ഭാഗത്തു നിന്നു കുണ്ടന്നൂർ ഭാഗത്തേക്കുള്ള ഹെവി വാഹനങ്ങൾ ഒഴികെയുള്ളവ വിക്രാന്ത് പാലം (വെണ്ടുരുത്തിപ്പാലം) വഴി എംജി റോഡ് – പള്ളിമുക്ക്– സഹോദരൻ അയ്യപ്പൻ റോഡ്– വൈറ്റില വഴി പോകണം. ഹെവി വാഹനങ്ങൾ രാത്രി 9 മുതൽ പുലർച്ചെ 6 വരെ മാത്രം ഇതേ മാർഗത്തിലൂടെ പോകണം.
∙ഇടക്കൊച്ചി ഭാഗത്തു നിന്നു കണ്ണങ്ങാട്ട് പാലം വഴി കുണ്ടന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കണ്ണങ്ങാട്ട് പാലം വഴി എൻഎച്ച് 966യിൽ ഇടതു ഭാഗത്തേക്കു തിരിഞ്ഞ് ബി.ഒ.ടി ഈസ്റ്റ് ജംക്‌ഷൻ – വാത്തുരുത്തി ലെവൽ ക്രോസ് - വിക്രാന്ത് പാലം(വെണ്ടുരുത്തിപ്പാലം) – എംജി റോഡ്– പള്ളിമുക്ക് – സഹോദരൻ അയ്യപ്പൻ റോഡ്– വൈറ്റില വഴി പോകണം.
∙ തൃപ്പൂണിത്തുറ കുണ്ടന്നൂർ വില്ലിങ്‌ഡൻ ദ്വീപ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ വൈറ്റില ജംക്‌ഷൻ – സഹോദരൻ അയ്യപ്പൻ റോഡ് - എം.ജി റോഡ് വഴി പോകണം. ഹെവി വാഹനങ്ങൾ രാത്രി 9 മുതൽ പുലർച്ചെ 6 വരെ മാത്രം ഇതേ മാർഗത്തിലൂടെ പോകണം.
∙കുമ്പളം ഭാഗത്തു നിന്നു കുണ്ടന്നൂർ വഴി വില്ലിങ്‌ഡൻ ദ്വീപ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ അരൂർ– ഇടക്കൊച്ചി പാലം വഴിയോ വൈറ്റില ജംക്‌ഷൻ വഴിയോ പോകണം.