ഗാന്ധിയുടെ ജീവിതമാണ് രാജ്യത്തിന് വഴികാട്ടി: ടി.പത്മനാഭൻ
Mail This Article
കൊച്ചി∙ മഹാത്മാഗാന്ധിയുടെ ജീവിതമാണ് രാജ്യത്തിന് വഴികാട്ടിയായി നിലകൊള്ളുന്നതെന്ന് സാഹിത്യകാരൻ ടി.പത്മനാഭൻ. എറണാകുളം ഡിസിസിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ, മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള സെമിനാറിൽ ‘ഗാന്ധി-ഇന്ത്യയുടെ ആത്മചൈതന്യം, ഓരോ അണുവിലും അലിഞ്ഞുചേർന്ന അഗ്നി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഹാത്മാഗാന്ധി ജനിച്ച് ജീവിച്ച് മരിച്ചത് രാജ്യത്തിന് വേണ്ടിയായിരുന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിരന്തരം നിലകൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തരം ഗാന്ധിയെ നിന്ദിക്കുവാനുള്ള പല ശ്രമങ്ങളും ഉണ്ടായി. മഹാത്മാവിനെ തമസ്കരിച്ചുകൊണ്ട് ഭരണകൂടം പോലും മുന്നോട്ടുപോകുന്നു. കാണാനും കേൾക്കാനും കഴിയാത്തത് പലതുമാണ് ഇന്ന് രാജ്യത്ത് സംഭവിക്കുന്നത്. വിദേശരാജ്യങ്ങളിൽ പോകുമ്പോൾ ഗാന്ധിയെ പുകഴ്ത്തി പറയുന്ന ഭരണാധികാരികൾ, തിരികെ ഇന്ത്യയിൽ എത്തി ഗാന്ധിമുക്ത ഭാരതത്തിനു വേണ്ടി പരിശ്രമിക്കുന്നു. ഗാന്ധിയുടെ ഓർമകൾ പോലും മായിച്ചുകളയാനുള്ള കഠിനമായ ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നു. അത്തരം ശ്രമങ്ങളെ തകർത്തുകൊണ്ട് ഗാന്ധി എന്ന ആശയം രാജ്യം ഉള്ളടത്തോളം നിലനിൽക്കും’– അദ്ദേഹം കൂട്ടിച്ചേർത്തു.
മതത്തിന്റെ വേർതിരിവുകൾ സൃഷ്ടിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാതെ ഐക്യത്തോടെ നയിച്ച നേതൃപാടവത്തിന്റെ പേരായിരുന്നു മഹാത്മാഗാന്ധിയെന്ന് സാഹിത്യകാരൻ എൻ.എസ്.മാധവൻ പറഞ്ഞു. മത-ജാതി വേർതിരിവുകൾക്കെതിരെ അദ്ദേഹം ജീവിത കാലത്തുടനീളം പടപൊരുതി. കേരളത്തിലേക്ക് പലയാവർത്തി വന്നപ്പോഴും ഇവിടെ വിഭാഗീയത സൃഷ്ടിക്കുവാൻ ചിലർ നടത്തിയ പരിശ്രമങ്ങളെ തകർക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ആയിരുന്നു അദ്ദേഹത്തിൽ നിന്നും ഉണ്ടായത്. ഐക്യത്തിന്റെ ശക്തമായ സന്ദേശമായി ഗാന്ധിയൻ ആദർശങ്ങൾ ഇവിടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. പി.കെ.അബ്ദുൽ അസീസ്, ഡോ. സെല്‍വി സേവ്യർ എന്നിവരും വിഷയത്തിൽ സംസാരിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഡോ. ദിലീപ് കുമാർ, ഡോ. ടി.എസ്.ജോയ്, ഡോ. ജിന്റോ ജോൺ, കെ.പി.ബാബു, ഷൈജു കേളന്തറ എന്നിവർ സംവദിച്ചു.