വയനാടിന് സഹായ ഹസ്തവുമായി കേരള ചിത്രകലാ പരിഷത്ത്
Mail This Article
കൊച്ചി∙ വയനാടിന് സഹായ ഹസ്തവുമായി കേരള ചിത്രകല പരിഷത്ത്. 'വയനാടിന് ഒരു വരത്താങ്ങ്' എന്ന പേരിൽ സംസ്ഥാനവ്യാപകമായി ചിത്രകലാ പരിഷത്ത് ഏകദിന കലാക്യാംപും ചിത്ര വിൽപനയും നടത്തി. ഒാഗസ്റ്റിൽ സംഘടിപ്പിക്കപ്പെട്ട ഈ ക്യാമ്പിൽ പ്രശസ്തരായ കലാകാരന്മാർ ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. ഏത് ശരാശരിക്കാരനായ വ്യക്തിക്കും വളരെ തുച്ഛമായ തുക നൽകി ഒരു കലാസൃഷ്ടി സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു ഈ പരിപാടി. ഏതാണ്ട് 2,20,000 ത്തോളം രൂപ ഇതിൽ നിന്നും പരിഷത്ത് സമാഹരിക്കുകയുണ്ടായി.
ഒക്ടോബർ 19-ാം തീയതി ഈ ലക്ഷ്യം മുൻനിർത്തിയുള്ള ഫണ്ടു ശേഖരണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. കലയേയും സംസ്ക്കാരത്തേയും എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള കൊച്ചിയിലെ പ്രശസ്തമായ ലെ - മെറിഡിയൻ ഹോട്ടലും കലാരംഗത്ത് ആമുഖം ആവശ്യമില്ലാത്ത 'പാലറ്റ് പീപ്പിൾ ആർട്ട് ഗ്രൂപ്പു' മായി കൈകോർത്താണ് കെസിപി രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ചിത്രകലാ പരിഷത്തിൽ അംഗങ്ങളായിട്ടുള്ള കലാകാരൻന്മാരുടെ 35 - ചിത്രങ്ങളും പാലറ്റ് പീപ്പിളിന്റെ ശേഖരത്തിലുള്ള 10 സൃഷ്ടികളും ഉൾപ്പെടെ 45 ഓളം മികച്ച കലാസൃഷ്ടികൾ വളരെ തുച്ഛമായ തുകയ്ക്ക് വിൽപനയ്ക്കു വച്ചു. വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തുള്ള സ്കൂൾ കുട്ടികൾക്കു വേണ്ടി ഒരു ആർട്ട് സ്റ്റുഡിയോ, ഗ്യാലറി, മറ്റ് ആവശ്യമായ കലാ സാമഗ്രികൾ, സമീപകാല ദുരന്തങ്ങൾ മൂലമുണ്ടായ ആഘാതം ലഘൂകരിക്കാൻ സഹായിക്കുന്നതിന് വിദ്യാർഥികൾക്ക് 'ക്രിയേറ്റീവ് ഔട്ട്ലെറ്റ്' തുടങ്ങി പല കാര്യങ്ങൾക്കും വേണ്ടി ഈ രണ്ട് ഘട്ടങ്ങളിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ഉപയോഗിക്കാനാണ് പരിഷത്തിന്റെ തീരുമാനം.