50000 രൂപ കൈക്കൂലി വാങ്ങിയ മുൻ ആർഡിഒയ്ക്ക് കഠിനതടവ്; 7 വർഷം ജയിൽ ശിക്ഷയും 35000 രൂപ പിഴയും
Mail This Article
മൂവാറ്റുപുഴ∙ ഇടിഞ്ഞു വീഴാറായ സംരക്ഷണ ഭിത്തി പുനർനിർമിക്കാൻ 50000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുൻ മൂവാറ്റുപുഴ ആർഡിഒ കാഞ്ഞിരപ്പളളി പട്ടിമറ്റം സ്വദേശി വി.ആർ മോഹനൻ പിള്ളയ്ക്കു (63) വിജിലൻസ് കോടതി 7 വർഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ചു. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണു ജഡ്ജി എൻ.വി രാജു ശിക്ഷ വിധിച്ചത്.2016ൽ വാഴക്കുളത്ത് ഇടിഞ്ഞു വീഴാറായ സംരക്ഷണ ഭിത്തി നിർമിക്കുന്നതിനുള്ള അനുവാദം നൽകാൻ വീട്ടൂർ വരിക്ലായിൽ മാത്യു വി. ഡാനിയേലിനോടാണു മോഹനൻ പിള്ള കൈക്കൂലി ആവശ്യപ്പെട്ടത്. മാത്യു ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. 2016 മേയ് 30ന് കൈക്കൂലി വാങ്ങിയതിനു വിജിലൻസ് മോഹനൻ പിള്ളയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിജിലൻസ് ഡിവൈഎസ്പി എം.എൻ. രമേശ് അന്വേഷണം നടത്തിയ കേസിൽ വിജിലൻസ് എസ്പി അശോക് കുമാറാണു കുറ്റപത്രം സമർപ്പിച്ചത്. അഴിമതി നിരോധന നിയമം 7 പ്രകാരം 3വർഷം തടവും 10000 രൂപ പിഴയും, ഐപിസി 13(2) പ്രകാരം 4 വർഷം തടവും 25000 രൂപ പിഴയുമാണു വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. മോഹനൻ പിള്ളയ്ക്ക് എതിരെ പരാതി നൽകിയയാൾ വിചാരണയ്ക്കിടെ കൂറു മാറിയിരുന്നു.കേസിൽ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് മോഹനൻ പിള്ളയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ സരിത ഹാജരായി.