വിജിലൻസ് കസ്റ്റഡി അപേക്ഷ ആവശ്യപ്പെട്ടില്ല; കൈക്കൂലി കേസിൽ അറസ്റ്റിലായ മുൻ ഡിഎംഒയ്ക്ക് ജാമ്യം
Mail This Article
കൊച്ചി ∙ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫിസർ (ഡിഎംഒ) ആയിരിക്കെ കൈക്കൂലി കേസിൽ അറസ്റ്റിലായ ഡോ. എൽ.മനോജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്നാർ ചിത്തിരപുരത്തുള്ള റിസോർട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഈ മാസം 9ന് വിജിലൻസ് പിടിയിലായത്. കൈക്കൂലി അടക്കമുള്ള ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ ഒക്ടോബർ 7ന് ആരോഗ്യവകുപ്പ് മനോജിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ ഏജൻസി കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് ഉപാധികളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് സി.ജയചന്ദ്രൻ ജാമ്യം അനുവദിച്ചത്.
റിസോർട്ട് സന്ദർശിച്ച മനോജ്, ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് റിസോർട്ട് നടത്തിപ്പുകാരനെ വിളിച്ച് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പിന്നീട് ഇത് 75,000 രൂപയാക്കി. തന്റെ സഹായിയായ ഡ്രൈവർ രാഹുൽ രാജിന്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് പണം അയയ്ക്കാനായിരുന്നു നിർദേശം. റിസോർട്ട് ഉടമ ഇക്കാര്യം വിജിലൻസിെന അറിയിച്ചു. തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരം പണം അയയ്ക്കുകയും മനോജും സഹായിയും അറസ്റ്റിലാകുകയുമായിരുന്നു.
അതേസമയം, ജാമ്യാപേക്ഷയെ വിജിലൻസ് അഭിഭാഷകൻ കോടതിയിൽ എതിർത്തു. കൈക്കൂലി ആവശ്യപ്പെട്ട് ഒക്ടോബർ 7ന് ഒന്നാം പ്രതി പരാതിക്കാരനെ വിളിച്ചതിന്റെ ഓഡിയോ റിക്കോർഡിങ്ങുണ്ടെന്നും കൈക്കൂലി പണം രണ്ടാം പ്രതിക്ക് ഗൂഗിൾ പേ ആയി അയച്ചു കൊടുക്കണമെന്ന് ഇതിൽ പറയുന്നുണ്ടെന്നുമായിരുന്നു വിജിലൻസിന്റെ വാദം. മാത്രമല്ല, മനോജിനെതിരെ സമാന രീതിയിലുള്ള ഒരു പരാതി കൂടി ലഭിച്ചിട്ടുണ്ടെന്നും മൂന്നാറിലെ ഒരു ഹോട്ടലുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
സ്ഥാപനങ്ങൾ സന്ദർശിക്കുകയും അവിടെ എന്തെങ്കിലും കുഴപ്പങ്ങൾ കണ്ടെത്തി അത് മറയ്ക്കാൻ കൈക്കൂലി ആവശ്യപ്പെടുകയുമാണ് പ്രതിയുടെ രീതി. ഇത്തരത്തിലൊരു പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി നേരത്തെ സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഇത് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നത് പ്രതി സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന് ഇടയാക്കുമെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
എന്നാൽ പ്രതിയുടെ കസ്റ്റഡി, അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം മുന്നോട്ടു പോകുന്നതിന് ആവശ്യമായ ഒരു കാര്യം ശബ്ദ സാംപിൾ പരിശോധിക്കുക എന്നതാണ്. ഇതിന് പൂര്‍ണമായി സഹകരിക്കാമെന്ന് പ്രതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.