ലക്ഷ്യം വൈദ്യുതി ബില്ല് ഒഴിവാക്കൽ; വെളിച്ചം വിതറേണ്ട സോളർ പാനൽ അനാസ്ഥയുടെ ഇരുളിൽ
Mail This Article
പറവൂർ ∙ 26 ലക്ഷം രൂപ മുടക്കി വാങ്ങിയ സോളർ പാനലുകൾ മൂന്നര മാസമായി ഗവ.ആയുർവേദ ആശുപത്രിയിൽ അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. ഷീറ്റ് ഇട്ട് മൂടിയിട്ടു പോലുമില്ല. ഒരു മരത്തിന്റെ ചുവട്ടിലാണ് വച്ചിരിക്കുന്നത്. മരക്കൊമ്പ് ഒടിഞ്ഞുവീണാൽ തീർന്നു. സമീപത്ത് ഇരുചക്രവാഹന പാർക്കിങ് ഏരിയയും ഉണ്ട്. നഗരസഭയുടെ കീഴിലെ ആശുപത്രിയിൽ ഒരു വർഷം ശരാശരി 3 ലക്ഷം മുതൽ 3,60,000 രൂപ വരെ വരുന്ന വൈദ്യുതി നിരക്ക് കുറയ്ക്കാനാണ് സോളർ പാനൽ വയ്ക്കാൻ തീരുമാനിച്ചത്. നഗരസഭയുടെ 2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാനൽ വാങ്ങിയത്.
പാനൽ സ്ഥാപിക്കാൻ കരാറെടുത്ത ഏജൻസി തന്നെ പാനലുകളും അനുബന്ധ വസ്തുക്കളും ആശുപത്രിയിൽ എത്തിച്ചു നൽകി. എന്നാൽ, അധികൃതർ തുടർനടപടികൾ സ്വീകരിച്ചില്ല. പാനലുകൾ സുരക്ഷിതമായി വയ്ക്കാത്തതും പാനൽ സ്ഥാപിക്കുന്ന ജോലികൾ സമയബന്ധിതമായി നടത്താത്തതും നഗരസഭാ അധികൃതരുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥയാണെന്നു സ്വതന്ത്ര കൗൺസിലർ ജോബി പഞ്ഞിക്കാരൻ പറഞ്ഞു.
പാനലുകൾ സ്ഥാപിക്കുന്നതിന് മുൻപായി കെഎസ്ഇബിയുമായി ബന്ധപ്പെട്ടു ചെയ്യേണ്ട കാര്യങ്ങൾക്കുള്ള കത്ത് ഇന്നലെ ആശുപത്രിയിൽ എത്തി അന്വേഷിച്ചപ്പോൾ മാത്രമാണ് ഇംപ്ലിമെന്റിങ് ഓഫിസറായ ചീഫ് മെഡിക്കൽ ഓഫിസർ നഗരസഭയ്ക്ക് കൈമാറിയതെന്നും ഗുരുതരമായ അനാസ്ഥ കാട്ടിയവർക്കെതിരെ നടപടിയുണ്ടാകണമെന്നും ജോബി പറഞ്ഞു.