ADVERTISEMENT

കാക്കനാട്∙ കാപ്പ ചുമത്തി നാടു കടത്തിയ ഗുണ്ടകൾക്കുമേൽ പ്രത്യേക നിരീക്ഷണവുമായി പൊലീസ്. ഇവരിൽ പലരും നാടു കടത്തപ്പെട്ട ഇടങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണു നിരീക്ഷണം ശക്തമാക്കുന്നത്. തൃശൂർ ജില്ലയിൽ നിന്ന് കാപ്പ ചുമത്തി നാടു കടത്തിയ മാടപ്രാവ് എന്ന് വിളിക്കുന്ന കല്ലൂർ തയ്യിൽ അനൂപ് (37) എറണാകുളത്ത് ലഹരി ഇടപാട് ശൃംഖല രൂപീകരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. അനൂപിനെ കഴിഞ്ഞ ദിവസം കാക്കനാട്ടു നിന്നു പിടികൂടുകയും ചെയ്തു. സ്ഥിരം കുറ്റവാളിയെന്ന കാരണത്താൽ കാപ്പ ചുമത്തി എറണാകുളം ജില്ലയിൽ നിന്നു നാടു കടത്തിയ മറ്റൊരു ഗുണ്ട രഹസ്യമായി എറണാകുളത്തു  തിരിച്ചെത്തി സംഘം വിപുലീകരിച്ചത് മൂന്നു മാസം മുൻപ് കണ്ടെത്തിയിരുന്നു.

കാക്കനാട് കാളച്ചാൽ പരിസരത്തു നിന്ന് ഈ ഗുണ്ട പിടിയിലാകുകയും ചെയ്തു. ഇതര ജില്ലകളിൽ നിന്ന് നാടുകടത്തപ്പെട്ട കുറ്റവാളികൾ കൊച്ചി കേന്ദ്രീകരിച്ചു പുതിയ താവളം തുടങ്ങുന്നതായാണ് സൂചന. കാപ്പ ചുമത്തി ഗുണ്ടകളെ റിമാൻഡ് ചെയ്യാനുള്ള അധികാരം കലക്ടർക്കാണ്. എന്നാൽ, ഇതേ നിയമപ്രകാരം ഗുണ്ടകളെ നാടുകടത്താൻ പൊലീസിനുള്ള അധികാരം ഉപയോഗിച്ചാണ് സ്ഥിരം കുറ്റവാളികളെ ജില്ലയ്ക്കു പുറത്തേക്കു നിശ്ചിത കാലയളവിലേക്കു നാടു കടത്തുന്നത്. 

നാടു കടത്തിക്കഴിഞ്ഞാൽ ഇത്തരക്കാർ എവിടെയാണെന്നും എന്തു ചെയ്യുന്നുവെന്നും പൊലീസ് നിരീക്ഷിക്കാത്തതിനാലാണ് എത്തുന്നിടത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെന്നാണ് വിലയിരുത്തൽ. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രദേശത്തു നിന്ന് അകറ്റിനിർത്താനും കുറ്റകൃത്യങ്ങളിൽ സ്ഥിരം കൂട്ടാളികളെ ഒഴിവാക്കാനുമാണ് ഗുണ്ടകളെ നാടുകടത്തുന്നത്. എന്നാൽ, എത്തുന്നിടം ഇവർ കുറ്റകൃത്യങ്ങൾക്ക് താവളമാകുന്നുവെന്ന തിരിച്ചറിവ് പൊലീസിനെ അലട്ടുന്നുണ്ട്.

പുതിയ താവളം, പുതിയ കൂട്ടുകാർ, പുതിയ സിം...
ദൂരെ ദിക്കുകളിലേക്കു നാടുകടത്തപ്പെടുന്ന കാപ്പാ ഗുണ്ടകൾ പുതിയ സ്ഥലത്തെത്തിയാൽ അവിടെ പുതിയ കൂട്ടുകാരെ കണ്ടെത്തിയാണ് താവളം ഒരുക്കുന്നത്. ജയിലിലോ മറ്റു ക്രിമിനൽ സാഹചര്യങ്ങളിലോ പരിചയപ്പെട്ടവരെ തേടിപ്പിടിച്ചാണ് ഇവർ കൂട്ടാളികളായി എത്തിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന ഫോൺ നമ്പർ നിർജീവമാക്കി പുതിയ സിം തരപ്പെടുത്തിയാണ് ഇവരുടെ പ്രവർത്തനമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ നിരീക്ഷിക്കാൻ സൈബർ ക്രൈംവിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്. ഗുണ്ടകളെ നാടുകടത്തുന്നത് ജില്ലയ്ക്ക് പുറത്തേക്കാണെന്നതിനാൽ രാത്രിയിൽ പൊലീസിന്റെ കണ്ണു വെട്ടിച്ചു നാട്ടിൽ എത്താനും പിന്നീടു നാടുകടത്തപ്പെട്ട ഇടങ്ങളിലേക്കു മടങ്ങാനും സൗകര്യമുണ്ട്.

English Summary:

Exiled criminals under KAAPA are being found engaging in criminal activities in their new locations. Police are stepping up surveillance and recently apprehended a drug kingpin operating in Ernakulam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com