ADVERTISEMENT

കൊച്ചി∙ പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീസുരക്ഷയ്ക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടിയ കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. ‘സുഗതോത്സവം’ എന്ന പേരിൽ ഒരു വർഷം നീളുന്ന ആഘോഷങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. തിരുവാണിയൂർ കുഴിയറയിലെ കൊച്ചിൻ റിഫൈനറീസ് സ്കൂളിൽ രാവിലെ 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബിപിസിഎൽ കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്‌ടർ എം.ശങ്കർ മുഖ്യാതിഥിയാകും. മിസോറാം മുൻ ഗവർണറും സുഗതനവതി ആഘോഷസമിതി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ പ്രഭാഷണം നടത്തും. പരിസ്ഥിതി സൗഹൃദ രൂപകൽപനയിൽ ശ്രദ്ധേയനായ ആർക്കിടെക്‌ട് ജി.ശങ്കർ ആശംസകൾ നേരും.

ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണം, സ്ത്രീസുരക്ഷ, മനുഷ്യാവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സുഗതകുമാരിക്ക് സ്‌മാരകമായി ജന്മനാടായ ആറന്മുളയിൽ സുഗതവനം ഒരുക്കും. ഒരേക്കർ സ്ഥലത്ത് സ്വഭാവികവനം സൃഷ്‌ടിക്കുകയും പഠന, ഗവേഷണ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. സംസ്ഥാന വ്യാപകമായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് മരങ്ങൾ നട്ടുപരിപാലിക്കുന്ന പദ്ധതി ആരംഭിച്ചുകഴിഞ്ഞു. പ്രകൃതി സംരക്ഷണം വിഷയമാക്കി വിദ്യാർഥികൾക്കായി സംസ്ഥാനതല ചിത്രരചനാ മത്സരം, വനിതാസദസ് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് ആഘോഷ സമിതി ഭാരവാഹികളായ ഡോ. മധു എസ്.നായർ, അഡ്വ. ശശിശങ്കർ എന്നിവർ അറിയിച്ചു.

English Summary:

Kerala will commence year-long celebrations, "Sugatotsavam", marking the 90th birthday of renowned poet and activist Sugathakumari on Kerala Formation Day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com