പാലത്തിൽ നിന്ന് ചാടിയ സ്ത്രീയെ വാൻ ഡ്രൈവർ രക്ഷപ്പെടുത്തി- വിഡിയോ
Mail This Article
കാലടി∙ ശ്രീശങ്കര പാലത്തിൽ നിന്ന് പുഴയിൽ ചാടിയ സ്ത്രീയെ പിക്കപ് വാൻ ഡ്രൈവർ രക്ഷപ്പെടുത്തി. മൂവാറ്റുപുഴ മാമലശേരി തുണ്ണാൻമലയിൽ ജിജോ ജോയിയാണ് രക്ഷകനായത്. രാവിലെ പത്തരയോടെയാണ് സംഭവം.പിക്കപ് വാനിൽ ലോഡുമായി തൃശൂരിലേക്കു പോവുകയായിരുന്നു ജിജോ. പാലത്തിന്റെ താന്നിപ്പുഴ ഭാഗത്തെത്തിയപ്പോൾ കാലടി ഭാഗത്ത് നടപ്പാതയിൽ നിന്ന് ഒരു സ്ത്രീ കൈവരിയിലേക്ക് കയറുന്നതും താഴേക്കു ചാടുന്നതും കണ്ടു.
വാഹനം നിർത്തിയിറങ്ങിയ ജിജോ അതുവഴി വന്ന മറ്റു വാഹനങ്ങൾ കൈകാണിച്ചു നിർത്തി സ്ത്രീ ചാടിയ വിവരം അറിയിച്ചു. അതിനിടെ വെള്ളത്തിൽ വീണ സ്ത്രീ താഴേക്ക് ഒഴുകുന്നതു കണ്ടതോടെ ജിജോ വാഹനത്തിൽ പാലത്തിന്റെ താഴേക്ക് ചെന്നു. സമാന്തര പാലത്തിന്റെ നിർമാണ തൊഴിലാളികളായ ഇതര സംസ്ഥാനക്കാർ അടക്കം ഏതാനും പേരും എത്തി. ഒരാൾ രക്ഷാപ്രവർത്തനത്തിന് പുഴയിൽ ചാടിയെങ്കിലും ആഴക്കൂടുതൽ കാരണം തിരികെ കയറി. പുഴയിൽ ചാടിയ ജിജോയ്ക്ക് സ്ത്രീയുടെ മുടിയിൽ പിടിത്തം കിട്ടിയതിനാൽ രക്ഷപ്പെടുത്താനായി.
ബോധം നഷ്ടപ്പെട്ട സ്ത്രീയെ നാട്ടുകാർ കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അങ്കമാലിയിൽ നിന്ന് അഗ്നിരക്ഷാ സേന യൂണിറ്റും സ്ഥലത്തെത്തി. മൂവാറ്റുപുഴയാറിൽ കുളിക്കുകയും നീന്തുകയും ചെയ്യാറുള്ളതു കാരണമാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്നു ജിജോ പറഞ്ഞു. മാമലശേരിയിൽ പാക്കിങ് ബോക്സ് നിർമാണ കമ്പനിയിലെ ജീവനക്കാരനാണ് ജിജോ ജോയ്. അവിടെ നിന്നുള്ള ഉൽപന്നങ്ങളുമായി തൃശൂരിലേക്ക് പോവുകയായിരുന്നു. ഭാര്യ അഞ്ജന ജിജോ രാമമംഗലം പഞ്ചായത്ത് അംഗമാണ്.പുഴയിൽ നിന്നു രക്ഷപ്പെടുത്തിയ സ്ത്രീ അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.