അടിപ്പാത നിർമാണം: ദേശീയപാതയിൽ വേലി കെട്ടി സമരം നടത്തി
Mail This Article
വരാപ്പുഴ ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കൂനമ്മാവ്-ചെമ്മായം റോഡിലും മാർക്കറ്റ്-പള്ളിക്കടവ് റോഡിലും യാത്രാ സൗകര്യത്തിനായി അടിപ്പാത നിർമിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചു അടിപ്പാത നിർമാണ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ദേശീയപാതയിൽ വേലി കെട്ടി സമരം നടത്തി.അടിപ്പാത ആവശ്യം ഉന്നയിച്ചു ബന്ധപ്പെട്ട അധികൃതർക്കു അൻപതോളം പരാതികൾ ഇതുവരെ നൽകിയതായി സമരസമിതി ഭാരവാഹികൾ പറഞ്ഞു. ഇതിനിടെ ജില്ലാ കലക്ടറും എംഎൽഎ, എംപി ഉൾപ്പെടെയുള്ളവരും സ്ഥലം സന്ദർശിച്ചു പ്രശ്നം പരിഹരിക്കുമെന്നു ഉറപ്പ് നൽകിയെങ്കിലും ഇതിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.
എട്ടു വിദ്യാലയങ്ങളിലേക്കു എത്തുന്ന ആയിരക്കണക്കിനു വിദ്യാർഥികൾ ഉൾപ്പെടെ യാത്രികർക്കു റോഡ് കുറുകെ കടക്കാൻ അടിപ്പാത ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.ദേശീയപാത വികസന പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ ഒരു കിലോമീറ്റർ ദൂരം മേൽപാലം മാതൃകയിലാണ് റോഡ് വിഭാവനം ചെയ്തിരുന്നത്. മേൽപാലം നിർമിച്ചാൽ അടിവശത്തു കൂടെ യാത്രികർക്കു കടന്നു പോകാൻ സാധ്യമായിരുന്നു.
പിന്നീട് പദ്ധതിയിൽ മുന്നറിയിപ്പില്ലാതെ മാറ്റം വരുത്തി 18 അടിയോളം ഉയരത്തിൽ കൂനമ്മാവ് പ്രദേശത്തെ രണ്ടായി വിഭജിച്ചാണു പാത കടന്നു പോകുന്നത്.പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നിർമാണം തടയൽ ഉൾപ്പെടെയുള്ള സമരപരിപാടികൾ തുടരാനാണു സമരസമിതിയുടെ തീരുമാനം. സഞ്ചാര സൗകര്യം ആവശ്യപ്പെട്ടു നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്.അടിപ്പാത നിർമാണ ആക്ഷൻ കൗൺസിൽ രൂപീകരണ യോഗത്തിൽ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷാജി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ബിജു പഴമ്പിള്ളി, സമരസമിതി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.