ചെറുവിള്ളിൽ കുടുംബത്തിന്റെ യാത്രയയപ്പ് വികാരനിർഭരം
Mail This Article
കോലഞ്ചേരി ∙ ശ്രേഷ്ഠ പിതാവിന് തറവാടു വീടിനു സമീപം ചെറുവിള്ളിൽ കുടുംബാംഗങ്ങളുടെ വികാര നിർഭരമായ യാത്രയയപ്പ്. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനു തൊട്ടടുത്ത് ദേശീയപാതയ്ക്ക് അരികിൽ തയാറാക്കിയ പന്തലിൽ കത്തിച്ച മെഴുകുതിരികളുമായി കുടുംബാംഗങ്ങളും നാട്ടുകാരും ബാവായുടെ ഭൗതിക ദേഹം വണങ്ങി. വൈകിട്ട് ഇവിടെ പ്രാർഥനയ്ക്ക് ശേഷം കാത്തു നിന്നവരുടെ അടുത്തേക്ക് രാത്രി 7.45ന് പാത്രിയർക്കാ സെന്ററിലേക്കുള്ള അവസാന യാത്രയിൽ ബാവാ എത്തുമ്പോൾ പരിസരം ദുഃഖസാന്ദ്രമായിരുന്നു.
ബാവായുടെ സഹോദരങ്ങളാരും ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെ മക്കളിൽ മിക്കവരും ഇവിടെ എത്തിയിരുന്നു. സഹോദര പുത്രൻ രാജു സി. ഏബ്രഹാം കോറെപ്പിസ്കോപ്പ ഇന്നലെ വൈകിട്ടാണ് യുകെയിൽ നിന്ന് സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ എത്തിയത്.തറവാട്ടിൽ താമസിക്കുന്ന സഹോദര പുത്രൻ മോഹനൻ, രാജൻ, ബിനു, ജോയി, ബേബി, ജയിംസ്, ബെന്നി, സി.കെ. സാജു ചെറുവിള്ളിൽ കോറെപ്പിസ്കോപ്പ, ഫാ. ജോർജ് ചേന്നോത്ത് തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 4 സഹോദരന്മാരും 3 സഹോദരിമാരുമാണ് ബാവായ്ക്കുണ്ടായിരുന്നത്.