പുല്ലുവഴി പികെവി റോഡ്:തണ്ണീർത്തടം നികത്താനുള്ള നീക്കം തടഞ്ഞ് രായമംഗലം പഞ്ചായത്ത്
Mail This Article
പെരുമ്പാവൂർ ∙ പുല്ലുവഴി പികെവി റോഡിൽ പാനേക്കാവിനു സമീപം തണ്ണീർത്തടം കെട്ടിട നിർമാണ അവശിഷ്ടങ്ങൾ ഉപയോഗിച്ചു നികത്താനുള്ള പ്ലൈവുഡ് കമ്പനി ഉടമയുടെ നീക്കം രായമംഗലം പഞ്ചായത്ത് തടഞ്ഞു. മാലിന്യം നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകി. സമീപത്തെ പ്ലൈവുഡ് കമ്പനിയിൽ നിന്നു വലിയ തോട്ടിലേക്കു മാലിന്യം ഒഴുക്കുന്നതു പരിശോധനയ്ക്കു ചെന്നപ്പോൾ കണ്ടെത്തി. ഇതിന് 50000 രൂപ പിഴ ചുമത്തുന്നതിനു നോട്ടിസ് നൽകി.
2018 ലെ പ്രളയകാലത്ത് തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതിന്റെ ഫലമായി കുറ്റിക്കാട്ട് അമ്പലം പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. താഴ്ന്ന് കിടക്കുന്ന തോടിനു സമീപമുള്ള നിലങ്ങൾ മണ്ണിട്ട് ഉയർത്തുന്നത് വർഷക്കാലത്ത് വീണ്ടും വെള്ളം കയറാൻ ഇടയാകും. ഇത്തരത്തിലുള്ള പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് റവന്യു വകുപ്പിനോട് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ആവശ്യപ്പെട്ടു. രായമംഗലം കൃഷി ഓഫിസർ വിവരങ്ങൾ പരിശോധിച്ച് മുവാറ്റുപുഴ ആർഡിഒക്ക് റിപ്പോർട്ട് സമർപ്പിച്ചു. തണ്ണീർത്തടം നികത്തിയതിനെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്ന് വാർഡംഗം ടിൻസി ബാബുവും ആവശ്യപ്പെട്ടു. പഞ്ചായത്തുതല നടപടികൾക്ക് സെക്രട്ടറി ബി.സുധീർ, ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ.അനീഷ് എന്നിവർ നേതൃത്വം നൽകി.