‘റെഫ്യൂസ് കോംപാക്ടറുകൾ’ ഓടിത്തുടങ്ങി
Mail This Article
കൊച്ചി ∙ ബ്രഹ്മപുരത്തേക്കു ജൈവ മാലിന്യം കൊണ്ടു പോകാനായി ലഭ്യമാക്കിയ കവചിത വാഹനങ്ങളായ ‘റെഫ്യൂസ് കോംപാക്ടറുകൾ’ ഓടിത്തുടങ്ങി. ഇന്നലെ 5 കോംപാക്ടറുകളാണു സർവീസ് നടത്തിയത്. 10 ടൺ ജൈവ മാലിന്യ ശേഷിയാണ് ഒരു കോംപാക്ടറിനുള്ളതെങ്കിലും ഇന്നലെ 8 ടൺ മാലിന്യം വീതമാണു കയറ്റിയത്. 5 കോംപാക്ടറുകൾ വഴി 40 ടൺ മാലിന്യം ഇന്നലെ ബ്രഹ്മപുരത്ത് എത്തിച്ചു. ബ്രഹ്മപുരത്തെ ബ്ലാക്ക് സോൾജ്യർ ഫ്ലൈ (പട്ടാളപ്പുഴു) പ്ലാന്റിലേക്ക് ജൈവ മാലിന്യമെത്തിക്കാനാണു നിലവിൽ റെഫ്യൂസ് കോംപാക്ടറുകൾ പ്രയോജനപ്പെടുത്തുക.
സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡാണ് (സിഎസ്എംഎൽ) കോർപറേഷന് 15 റെഫ്യൂസ് കോംപാക്ടറുകൾ ലഭ്യമാക്കിയത്.ഘട്ടം ഘട്ടമായി മുഴുവൻ റെഫ്യൂസ് കോംപാക്ടറുകളും നിരത്തിലിറക്കും. ജൈവ മാലിന്യ നീക്കത്തിനു നിലവിൽ വാടകയ്ക്ക് എടുക്കുന്ന ലോറികളാണ് കോർപറേഷൻ ഉപയോഗിക്കുന്നത്. ദുർഗന്ധം വമിക്കുന്ന ഈ തുറന്ന വാഹനങ്ങൾ മൂലം കോർപറേഷനു ചീത്തപ്പേരിനു പുറമേ വാടകയിനത്തിൽ വൻ സാമ്പത്തിക ചെലവുമുണ്ട്. മാലിന്യം നീക്കം റെഫ്യൂസ് കോംപാക്ടറുകൾ വഴിയാകുന്നതോടെ ഈയിനത്തിൽ കോർപറേഷന്റെ ചെലവ് പൂർണമായും ഒഴിവാക്കാനാകും; ചീത്തപ്പേരും മാറും.