ADVERTISEMENT

കൊച്ചി ∙ ആശങ്കയുടെ മഴ അലർട്ട് മഞ്ഞയിൽ നിന്നു പച്ചയിലേക്ക് മാറിക്കഴിഞ്ഞു; കായിക കേരളത്തിന്റെ കുതിപ്പിന്റെ മാപിനിയിൽ ചൂട് കൂടി വരുന്നു. സംസ്ഥാന കായികമേളയുടെ ആഘോഷം നിറഞ്ഞ തുടക്കത്തിനായി കൊച്ചി നഗരം കാത്തിരിക്കുന്നു; ഇന്നു വൈകിട്ട് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കൗമാര കായികമേളയ്ക്കു തിരിതെളിയും; മുത്തുവർണക്കുടകൾ സന്തോഷം പൊഴിക്കും.ഇന്നലെ വൈകിട്ട് ആകാശത്തു മഴമേഘങ്ങൾ ഉരുണ്ടു കൂടിയെങ്കിലും കാര്യമായി മഴ പെയ്തില്ലെന്ന് ആശ്വാസം.

മഹാരാജാസ് കോളജ് ഗ്രൗണ്ട് തയാറെടുപ്പുകളുടെ അവസാന ലാപ് ഓടിത്തീർക്കുകയാണ്. അത്‌ലറ്റിക് ട്രാക്ക് മത്സരങ്ങൾ സജ്ജമായി. ജംപിങ് പിറ്റും തയാറായി. ത്രോ ഇനങ്ങൾക്കുള്ള ഏരിയ തയാറായി വരുന്നു. പൊതു വിഭാഗത്തിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ ഏഴിനേ തുടങ്ങുവെന്നതിനാൽ ഇതിനൽപം സാവകാശമുണ്ട്.പുല്ല് വെട്ടിയൊതുക്കിയ ഗ്രൗണ്ടിൽ ഫുട്ബോൾ തട്ടി മന്ത്രി വി. ശിവൻകുട്ടി മേളയുടെ തയാറെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. മേളയുടെ ഫിക്സർ നറുക്കെടുപ്പും മന്ത്രി നടത്തി. കായികമേളയുടെ തൊപ്പി മേയർ എം. അനിൽകുമാറിനു നൽകി മന്ത്രി പ്രകാശനം ചെയ്തു. 

ഹൈടെക് ആക്കാൻ കൈറ്റ് സംഘം
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കാൻ എല്ലാ സംവിധാനങ്ങളുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്). തത്സമയ ഫലങ്ങളും മത്സര പുരോഗതിയും മീറ്റ് റെക്കോർഡുകളും കൈറ്റ് തയാറാക്കിയ www.sports.kite.kerala.gov.in എന്ന പോർട്ടൽ വഴി ലഭിക്കും.കുട്ടികളുടെ സബ് ജില്ലാ തലം മുതൽ ദേശീയ തലം വരെയുള്ള പ്രകടനങ്ങളുടെ വിവരങ്ങൾ ട്രാക്ക് ചെയ്യാൻ സ്കൂൾ സ്പോർട്സ് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ (എസ്എസ്‌യുഐഡി) നിലവിലുണ്ട്. മേളയുടെ റജിസ്ട്രേഷനായി പ്രത്യേക ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.മഹാരാജാസ് കോളജ് ഗ്രൗണ്ട്, കടവന്ത്ര റീജനൽ സ്പോർട്സ് സെന്റർ, കോതമംഗലം എംഎ കോളജ് എന്നിവിടങ്ങളിലെ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം കൈറ്റ് വിക്ടേഴ്സ് വഴിയുണ്ടാകും. ആപ്പിലും (KITE VICTERS), സൈറ്റിലും (victers.kite.kerala.gov.in), യുട്യൂബ് ചാനലിലും (itsvicters), ഇ -വിദ്യ കേരളം ചാനലിലും തത്സമയം കാണാം. സ്കൂൾ വിക്കി പോർട്ടലിൽ (www.schoolwiki.in) എല്ലാ വേദികളിൽ നിന്നുമുള്ള ചിത്രങ്ങൾ തുടർച്ചയായി ലഭ്യമാകും.

മേളയിൽ സ്പോർട്സ് ആയുർവേദയും
മേളയ്ക്കു മെഡിക്കൽ സഹായം നൽകാൻ സ്പോർട്സ് ആയുർവേദ സംഘവും മത്സര വേദികളിലുണ്ടാകും. 20 സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർമാർ, 60 മെഡിക്കൽ ഓഫിസർമാർ, നഴ്സ്, തെറപ്പിസ്റ്റ്, അറ്റൻഡർമാർ എന്നിവരുൾപ്പെടെ 170 അംഗ സ്പോർട്സ് ആയുർവേദ സംഘമാണു മേളയ്ക്കെത്തുന്നത്.മത്സരങ്ങൾക്കിടയിലുണ്ടാകുന്ന പരുക്കുകൾ ചികിത്സിക്കുവാൻ മാത്രമല്ല, പരുക്കുകൾ തടയാനുള്ള പ്രതിരോധ ചികിത്സയ്ക്കും സ്പോർട്സ് ആയുർവേദ ടീമിനെ സമീപിക്കാം. സ്പോർട്സ് ആയുർവേദ ടീമിന്റെ ഏകോപനത്തിനു വേണ്ടി കച്ചേരിപ്പടിയിലെ ജില്ല ആയുർവേദ ആശുപത്രിയിൽ പ്രത്യേക ഓഫിസ് പ്രവർത്തിക്കുന്നുണ്ടെന്നു ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ പറഞ്ഞു.

മേളയ്ക്ക് 1200 വൊളന്റിയർമാർ
കൊച്ചി ∙ സംസ്ഥാന കായികമേളയ്ക്കായി എസ്പിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെആർസി തുടങ്ങിയ വിഭാഗങ്ങളിലെ 1200 വിദ്യാർഥികൾ വൊളന്റിയർമാരായി രംഗത്തിറങ്ങും. 17 വേദികളിലും താമസ കേന്ദ്രങ്ങളിലും ഇവരുടെ സേവനമുണ്ടാകും. അഞ്ഞൂറോളം അധ്യാപക വിദ്യാർഥികളെയും വൊളന്റിയർമാരായി നിയോഗിച്ചിട്ടുണ്ട്. 

ശബ്ദവും വെളിച്ചവും;മാനം തെളിഞ്ഞു
കൊച്ചി ∙ വേദികളിലെ ലൈറ്റുകളുടെയും ശബ്ദ സംവിധാനത്തിന്റെയും സ്വിച്ച് ഓൺ ടി.ജെ. വിനോദ് എംഎൽഎയും കലക്ടർ എൻ.എസ്.കെ. ഉമേഷും ചേർന്നു നിർവഹിച്ചു. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ മാത്രം ഒന്നര ലക്ഷം വാട്സിന്റെ ശബ്ദ സംവിധാനങ്ങളാണു ക്രമീകരിച്ചിട്ടുള്ളത്.പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജീവൻ ബാബു, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർ ടി.യു. സാദത്ത്, ഭാരവാഹികളായ രഞ്ജിത്ത് മാത്യു, അജിമോൻ പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന സ്കൂൾ കായികമേളയിലെ വിജയികൾക്കായി കൊച്ചിയിലെത്തിച്ച  ട്രോഫികൾ കമ്മിറ്റി കൺവീനർ കെ.വി. ബിന്ദുവിന്റെ നേതൃത്വത്തിൽ തരം തിരിക്കുന്നു. ചിത്രം: മനോരമ
സംസ്ഥാന സ്കൂൾ കായികമേളയിലെ വിജയികൾക്കായി കൊച്ചിയിലെത്തിച്ച ട്രോഫികൾ കമ്മിറ്റി കൺവീനർ കെ.വി. ബിന്ദുവിന്റെ നേതൃത്വത്തിൽ തരം തിരിക്കുന്നു. ചിത്രം: മനോരമ

സ്കൂൾ ഗെയിംസ് മത്സരങ്ങൾക്ക് വേദിയൊരുക്കി കോലഞ്ചേരി
കോലഞ്ചേരി ∙ മേഖലയിൽ നാളെ മുതൽ 11വരെ കായിക മേളയുടെ രാപകലുകൾ. സംസ്ഥാന സ്കൂൾ കായിക മേളയിലെ 6 ഇനങ്ങളാണ് സബ് ജില്ലയിലെ 3 സ്കൂളുകളിലായി നടക്കുന്നത്. സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരങ്ങൾ ആദ്യമായാണ് ഇവിടെ നടക്കുന്നത്. വിവിധ ജില്ലകളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്കായി 12 സ്കൂളുകളിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിൽ വോളിബോൾ, ബോൾ ബാഡ്മിന്റൻ, വുഷു എന്നിവയും കടയിരുപ്പ് ഗവ. എച്ച്എസ്എസിൽ ബോക്സിങ്ങും പുത്തൻകുരിശ് എംജിഎം ഹൈസ്കൂളിൽ ഹാൻഡ്ബോൾ മത്സരവുമാണ് നടക്കുന്നത്. ബോക്സിങ് മത്സരത്തിൽ 714 കുട്ടികൾ മാറ്റുരയ്ക്കും. വോളിബോൾ മത്സരത്തിൽ 5ന് 336 കുട്ടികളും 6ന് 456 കുട്ടികളും 7ന് 116 കുട്ടികളും കളത്തിലിറങ്ങും. ബോൾ ബാഡ്മിന്റൻ മത്സരത്തിൽ 7ന് 280 കുട്ടികളും 8ന് 360 കുട്ടികളും 9ന് 360 കുട്ടികളും 10ന് 80 കുട്ടികളും പങ്കെടുക്കും. വുഷു മത്സരത്തിന് 240 കുട്ടികളുണ്ടാകും. ഹാൻഡ് ബോളിൽ 5 മുതൽ 9 വരെ തീയതികളിൽ യഥാക്രമം 448, 616, 168, 448, 169 എന്നിങ്ങനെയാണ് മത്സരാർഥികളുടെ എണ്ണം. കടയിരുപ്പ് ഗവ. എച്ച്എസ്എസ് ആണ് കലവറ. ഇവിടെ ഭക്ഷണം പാകം ചെയ്ത് മത്സരം നടക്കുന്ന സ്കൂളുകളിൽ വിതരണം ചെയ്യും.

കൊച്ചി മെട്രോയിൽ സൗജന്യ യാത്ര
കൊച്ചി ∙ സംസ്ഥാന കായിക മേളയുടെ ഭാഗമായി കൊച്ചി മെട്രോ ട്രെയിനുകളിൽ ഒരു ദിവസം 1000 കായിക താരങ്ങൾക്കു സൗജന്യ യാത്ര. നാളെ  മുതൽ 11 വരെ ദിവസവും 1000 കായിക താരങ്ങൾക്കു സൗജന്യ യാത്ര ചെയ്യാമെന്നു കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചത്. മേളയുടെ സംഘാടകർ നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണു യാത്ര ചെയ്യാൻ കഴിയുക.

English Summary:

Kochi is ready to host the Youth Sports Festival at Maharaja's College ground, with preparations in their final stages. Despite rain alerts, the city is set for an exciting sports fair. State Minister V. Sivankutty oversees the arrangements, ensuring a smooth start to the state's athletic celebrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com