ഉയരപ്പാത നിർമാണ കേന്ദ്രത്തിൽ തീപിടിത്തം; മോട്ടറുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ കത്തിനശിച്ചു
Mail This Article
അരൂർ∙ അരൂരിൽ ഉയരപ്പാത നിർമാണ കേന്ദ്രത്തിൽ തീപിടിത്തം. ആളപായമില്ല. അരൂരിൽ സൗത്ത് പെട്രോൾ പമ്പിന് തെക്കുവശമുള്ള അബാദ് കോൾഡ് സ്റ്റോറജിനു മുന്നിലെ 69-ാം നമ്പർ ഉയരപ്പാത തൂണിന്റെ ഭാഗത്താണ് ഇന്നലെ രാവിലെ പത്തരയോടെ തീപിടിത്തം ഉണ്ടായത്. ഉയരപ്പാത നിർമാണത്തിന് ഉപയോഗിക്കുന്ന മോട്ടറുകളും മറ്റും ഉപകരണങ്ങളും സൂക്ഷിക്കുന്ന കാബിനിലാണു തീപിടിത്തം ഉണ്ടായത്. ഈ ഭാഗത്ത് മുകളിൽ വെൽഡിങ് ജോലികൾ ചെയ്തുകൊണ്ടിരുന്ന സമയത്ത് ചിതറിവീണ തീപ്പൊരികാബിനു സമീപം കിടന്നിരുന്ന ചാക്കുകളിൽ വീണ് തീ പടരുകയായിരുന്നു. ലക്ഷക്കണക്കിന് രൂപ വിലയുള്ള മോട്ടറുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ കത്തി നശിച്ചു.
നിർമാണ കേന്ദ്രത്തിൽ തന്നെ സൂക്ഷിച്ചിട്ടുള്ള അഗ്നിശമന സൗകര്യങ്ങൾ ഉപയോഗിച്ച് ഉയരപ്പാത നിർമാണ തൊഴിലാളികൾ തന്നെ തീ അണച്ചു. അരൂരിലെ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വെൽഡിങ് പോലുള്ള ജോലികൾ നിർമാണ കേന്ദ്രങ്ങളിൽ നടത്തുമ്പോൾ താഴേക്ക് തീപ്പൊരി ചിതറി വീഴുന്നത് നിത്യ സംഭവമാണെന്ന് വാഹനയാത്രികർ പറഞ്ഞു. സുരക്ഷാ സംവിധാനത്തിൽ അലംഭാവമാണ് കരാർ കമ്പനി കാട്ടുന്നതെന്ന് അരൂർ പഞ്ചായത്ത് അംഗം ഇ.വി.തിലകൻ പറഞ്ഞു. രാത്രിയിൽ വെൽഡിങ് ജോലികൾ നടക്കുന്നതിനിടയിൽ തീപ്പൊരികൾ വാഹനങ്ങളിലേക്കു വീഴാറുണ്ട്.