പീറ്ററിന്റെ തോട്ടത്തിൽ നന്മ വിളയുന്നു
Mail This Article
കൂത്താട്ടുകുളം∙ ദേവമാതാക്കുന്നിൽ നന്മ വിളയുന്ന പച്ചക്കറിത്തോത്തിന് ഉടമയാണ് എഴുപത്തിയേഴുകാരനായ കൂത്താട്ടുകുളം ഇരട്ടയാനിക്കൽ പീറ്റർ (ജോയി). വീടിനു സമീപത്തെ തോട്ടത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴങ്ങളുമെല്ലാം വീട്ടാവശ്യത്തിന് എടുത്ത ശേഷം ബാക്കിയുള്ളവ അഗതി മന്ദിരങ്ങളിലും അയൽവാസികൾക്കും സൗജന്യമായി നൽകും. വിഷമില്ലാത്ത ഭക്ഷണം തന്റെ സഹജീവികളും കഴിക്കണമെന്നതാണ് ലക്ഷ്യം. 30 വർഷത്തിലധികമായി കടയിൽ നിന്നു പച്ചക്കറി വാങ്ങിയിട്ടെന്നു പീറ്റർ പറയുന്നു. 30 സെന്റിലാണു കൃഷി. ജൈവകൃഷി രീതിയാണ് പിന്തുടരുന്നത്.
കപ്പ, പടവലം, പാവയ്ക്ക, വെണ്ട തുടങ്ങിയ 50 ഇനം പച്ചക്കറികളും അവക്കാഡോ, മൾബറി, ബ്ലൂബറി, പലതരം വാഴ, 12 ഇനം പ്ലാവ്, സ്റ്റാർ ഫ്രൂട്ട് ഉൾപ്പെടെ 20 തരം പഴങ്ങളും പീറ്ററിന്റെ തോട്ടത്തിലുണ്ട്. കൃഷിയോടുള്ള ഇഷ്ടമാണ് ഇന്ത്യൻ എയർഫോഴ്സിൽ സർജന്റായി വിരമിച്ച പീറ്ററിനെ തോട്ടത്തിലേക്കിറക്കിയത്. 1982ൽ നാട്ടിൽ എത്തിയ ശേഷം വീട്ടാവശ്യത്തിനു വേണ്ടി പച്ചക്കറി കൃഷി തുടങ്ങി. പിന്നീട് അതു വിപുലീകരിച്ചു.
ഇപ്പോൾ തോട്ടത്തിലെ ജോലിക്ക് 4 സഹായികളുണ്ട്. രാവിലെ 4ന് എഴുന്നേറ്റ് 2 കിലോമീറ്റർ നടക്കും. തുടർന്ന് കൃഷിപ്പണിയിലേക്ക് ഇറങ്ങും. വ്യായാമത്തിനൊപ്പം കൃഷിയിലൂടെ ലഭിക്കുന്ന ആനന്ദവും വിഷമില്ലാത്ത പച്ചക്കറിയുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണു പീറ്ററിന്റെ പക്ഷം.