ഡോ. സിസ്റ്റര്‍ വിനിതയ്ക്ക് കൊച്ചിയുടെ സ്നേഹാദരം
Mail This Article
കൊച്ചി∙ എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ നേതൃസ്ഥാനമൊഴിയുന്ന ഡോ. സിസ്റ്റര്‍ വിനിത സി.എസ്.എസ്.ടി.യ്ക്ക് പൗരാവലിയുടെ നേതൃത്വത്തില്‍ സ്നേഹാദരവ് നല്‍കി. കൊച്ചിയുടെ വിദ്യാഭ്യാസ, സാമൂഹിക മേഖലകള്‍ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഹൈബി ഈഡന്‍ എംപി അധ്യക്ഷനായ ചടങ്ങില്‍ ലോക്സഭാംഗം എം.കെ.കനിമൊഴി മുഖ്യാതിഥിയായിരുന്നു.
സമൂഹത്തിൽ എപ്പോഴും അവഗണിക്കപ്പെടുന്ന സ്ത്രീകളെ അവസരങ്ങളുടെ ലോകത്തേക്ക് നയിക്കാൻ സിസ്റ്ററിനു കഴിഞ്ഞതായി കനിമൊഴി പറഞ്ഞു. ഒരു നഗരം സിസ്റ്റർ വിനീതയ്ക്ക് സ്നേഹാദരങ്ങൾ നൽകുന്നത് സ്ത്രീകൾക്കുള്ള അദൃശ്യമായ ചങ്ങലകളെ പൊട്ടിച്ചറിയാൻ അവസരങ്ങൾ നൽകിയതുകൊണ്ടാണ് എന്നും അവർ കൂട്ടിച്ചേർത്തു.
ടി.ജെ.വിനോദ് എംഎല്‍.എ, സാഹിത്യകാരൻ എം.കെ.സാനു, സെന്റ് തെരേസാസ് കോളജിലെ പൂര്‍വവിദ്യാര്‍ഥിയും കേരളത്തിലെ ആദ്യ വനിതാ വൈസ് ചാന്‍സലറുമായ ഡോ. ജാന്‍സി ജെയിംസ്, വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.ആര്‍.റനീഷ്, കൗണ്‍സിലര്‍ മനു ജേക്കബ്, കോളജിലെ പൂര്‍വവിദ്യാര്‍ഥികളായ ഗായിക വൈക്കം വിജയലക്ഷ്മി, രഞ്ജിനി ഹരിദാസ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
വിദ്യാര്‍ഥിനികളുടെ നേതൃത്വത്തിലുള്ള നൃത്താവിഷ്‌കാരവും നടന്നു. ഡോ. സിസ്റ്റര്‍ വിനിത മറുപടി പ്രസംഗത്തിൽ പ്രാർഥനയുടെയും തന്റെ കർമപഥത്തെയും കുറിച്ച് പറഞ്ഞു. കൊച്ചി കോര്‍പറേഷന്‍, എറണാകുളം പ്രസ് ക്ലബ്, ഫെഡറല്‍ ബാങ്ക്, കൊച്ചിന്‍ ലയണ്‍സ് ക്ലബ്, കൊച്ചിന്‍ റോട്ടറി ക്ലബ്, വിവിധ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സിസ്റ്റര്‍ വിനിതയെ പൊന്നാട അണിയിച്ചു. സെന്റ് തെരേസാസ് കോളജിലെ കഴിഞ്ഞ 10 വര്‍ഷത്തെ ചെയര്‍പഴ്‌സൻമാരും ഒരുമിച്ചെത്തി സിസ്റ്ററെ ആദരിച്ചു.
സിഎസ്എസ്ടി സഭാംഗമായ സിസ്റ്റര്‍ വിനിത 1988-ല്‍ സെന്റ് തെരേസാസ് കോളജിലെ ഇംഗ്ലിഷ് വിഭാഗത്തില്‍ അധ്യാപികയായി ചേർന്നു. 2014-ല്‍ പ്രിന്‍സിപ്പൽ ആയി. 2015-ല്‍ പ്രിന്‍സിപ്പൽ സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം 2020 വരെ കോളജിന്റെ ഡയറക്ടറായും തുടര്‍ന്ന് മാനേജരായും സേവനം അനുഷ്ഠിച്ചു. സിസ്റ്റര്‍ വിനിത നേതൃപദവിയിലിരുന്ന 10 വര്‍ഷം ശ്രദ്ധേയമായ ഒട്ടേറെ സംസ്ഥാന, ദേശീയ അംഗീകാരങ്ങള്‍ കോളജിനെ തേടിയെത്തി.
കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിനൊപ്പം, അക്കാദമിക മികവിൽ രാജ്യത്തെ മുന്‍നിര കോളജുകളിലൊന്നായി മാറാനും ഇക്കാലത്ത് സെന്റ് തെരേസാസിന് കഴിഞ്ഞു. ഈ കാലയളവിലാണ്, ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി ഏറ്റവുമധികം വിദ്യാര്‍ഥിനികള്‍ കോളജിൽ പഠിക്കാനെത്തിയത്. കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പാവപ്പെട്ട വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനുവേണ്ടി വല്ലാര്‍പാടത്ത് ‘കാരുണ്യനികേതന്‍’ എന്ന അഭയകേന്ദ്രമൊരുക്കിയതും സിസ്റ്റര്‍ വിനിതയാണ്. തൃശൂര്‍ നടത്തറയില്‍ ‘ഹെവന്‍ലി മാന്‍ഷന്‍സ്’ എന്ന പേരില്‍ സീനിയര്‍ സിറ്റിസണ്‍ഷിപ്പും യാഥാര്‍ഥ്യമാക്കി.