അരൂർ– തുറവൂർ ഉയരപ്പാത: 352 തൂണിന്റെയും പൈലിങ് പൂർത്തിയായി; ഒരു തൂണിന് 8 പില്ലർ
Mail This Article
അരൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ഭൂമി തുരന്ന് 352 തൂണിന്റെ പൈലിങ്ങും പില്ലറുകളുടെ നിർമാണവും പൂർത്തിയായി. തീരാനുള്ളത് റാംപിന്റെ തൂണുകളുടെ പൈലിങ് മാത്രം. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിലാണ് ഒറ്റത്തൂണിൽ നിർമിക്കുന്ന ഉയരപ്പാത വരുന്നത്. 352 തൂണുകളാണ് അരൂർ മുതൽ തുറവൂർ വരെയുള്ള പാതയിൽ വരുന്നത്.55 മീറ്റർ മുതൽ 65 മീറ്റർ താഴ്ച വരെ ഭൂമി തുരന്നാണു തൂണുകൾക്കായുള്ള പൈലിങ് പില്ലറുകൾ സ്ഥാപിച്ചത്. ഒരു തൂണിന് 8 പില്ലറുകളാണു സ്ഥാപിച്ചിരിക്കുന്നത്. തുറവൂർ മുതൽ അരൂർ ക്ഷേത്രം കവല വരെയുള്ള ഭാഗത്ത് പൈലിങ് പൂർത്തിയായി. ക്ഷേത്രം കവല മുതൽ അരൂർ ബൈപാസ് കവലവരെയുള്ള ഭാഗത്തു മാത്രമാണു പില്ലറുകൾ സ്ഥാപിക്കാനുള്ളത്.
തുറവൂർ മുതൽ ചന്തിരൂർ വരെയുള്ള പാതയിൽ പൂർണമായി പൈലിങ്ങിനു ശേഷമുള്ള തൂണുകളുടെ നിർമാണം പൂർത്തിയായി. ഇവിടെ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി നടക്കുകയാണ്. അരൂർ മുതൽ തുറവൂർ വരെയുള്ള പാതയിൽ തുറവൂർ, കുത്തിയതോട്, ചന്തിരൂർ അരൂർ ബൈപാസ് കവല എന്നിവിടങ്ങളിലാണ് റാംപുകൾ വരുന്നത്. തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ വില്ലേജുകളിലായി 177 സെന്റ് സ്ഥലമാണു റാംപ് നിർമിക്കുന്നതിന് ഏറ്റെടുത്തിരിക്കുന്നത്.