ഗവേഷകർക്കു പൊതുസമൂഹവുമായി സമ്പർക്കത്തിന് ‘സയൻസ് സ്ലാം’
Mail This Article
കളമശേരി∙ സമൂഹത്തിലേക്ക് ശാസ്ത്രം എത്തിക്കുന്നതിനുള്ള മികച്ച നീക്കം, തങ്ങളുടെ കണ്ടുപിടിത്തങ്ങളും ഗവേഷണ വിഷയങ്ങളും ലളിതമായ വാക്കുകളിൽ പങ്കുവയ്ക്കുന്ന ഗവേഷകർ, പാനൽ ഉണ്ടെങ്കിലും അവതാരകരെ വിലയിരുത്തുന്ന പ്രേക്ഷകർ– സംസ്ഥാനത്ത് ആദ്യമായി കുസാറ്റ് ക്യാംപസിൽ അവതരിപ്പിച്ച ‘സയൻസ് സ്ലാം’ പങ്കെടുത്തവർക്കെല്ലാം മികച്ച അനുഭവമായി. പുതിയ ശാസ്ത്ര കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും ഇടനിലക്കാരുടെ സഹായമില്ലാതെ ലളിതവും സരസവുമായി ഗവേഷകർ പങ്കുവച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയും കുസാറ്റിലെ ശാസ്ത്ര സമൂഹ കേന്ദ്രവും ചേർന്നാണ് സയൻസ് സ്ലാം സംഘടിപ്പിച്ചത്. ഒരു പകൽ നീണ്ട സയൻസ് സ്ലാമിൽ 25 ഗവേഷകർ സമൂഹം പരിഹാരം കാംക്ഷിക്കുന്ന വിവിധ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനു തങ്ങൾ വികസിപ്പിച്ചെടുത്ത ഗവേഷണ ഫലങ്ങൾ പങ്കുവച്ചു. ശാസ്ത്രാഭിമുഖ്യമുള്ള ഇരുന്നൂറോളം പേരാണു കാണികളായി ഉണ്ടായിരുന്നത്. അവതരണത്തിൽ തങ്ങളുടെ ഇഷ്ടവും അനിഷ്ടവും ഈമോജികളുടെ സഹായത്തോടെ അവർ പങ്കുവച്ചു.
സമുദ്രത്തിന്റെ അടിത്തട്ടിലെ രഹസ്യങ്ങൾ അറിയാൻ ശബ്ദം ഉപയോഗിച്ചു വെള്ളത്തിനടിയിലെ ചിത്രങ്ങൾ എടുക്കുന്ന സാങ്കേതിക വിദ്യയുമായി മിമിഷ എം. മേനക്കത്ത്, ആഫ്രിക്കൻ ഒച്ചുകളുടെ അധിനിവേശത്തിന്റെ സഞ്ചാരപാത വിവരിച്ച് ഡോ. കീർത്തി വിജയൻ, പ്രകൃതി സൗഹൃദ നാനോ ഗോൾഡ് മെറ്റീരിയലുകൾ ഉപയോഗിച്ചു ടാർഗറ്റഡ് കാൻസർ തെറപ്പി അവതരിപ്പിച്ച് ആദിത്യ സാൽബി, കുട്ടനാട്ടിലെ ഓരുവെള്ള ഭീഷണിക്കു പരിഹാരമായി സ്യുഡോമൊണാസ് മിത്രബാക്ടീരിയകളെ പരിചയപ്പെടുത്തി ഡോ.ടി.എസ്. രേഷ്മ, കുറുനരികളുടെ ജീവിത രഹസ്യങ്ങൾ അറിയാൻ നടത്തുന്ന ഗവേഷണത്തെക്കുറിച്ച് അർജുൻ സുരേഷ്, സുഹൃദ് ശൃംഖലയെ ഗ്രാഫ് രൂപത്തിൽ പകർത്തുന്ന രീതി വെളിപ്പെടുത്തി വി.കെ. കുട്ടിമാളു, പലതരം ആക്രമണങ്ങളെ െനറ്റ്‌വർക്കുകൾ എങ്ങിനെ പ്രതിരോധിക്കുന്നുവെന്ന ‘പ്ലാൻ ബി’ ആക്രമണ രീതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഡോ. ദിവ്യ സിന്ധു ലേഖ എന്നിവർ അവതരണങ്ങൾ നടത്തി.
ഈഡിസ് കൊതുകിൽ ഏതൊക്കെ ബാക്ടീരിയ ഉണ്ടെന്നും അവ കൊതുകിന്റെ ശരീരത്തിൽ ഡെങ്കി വൈറസ് വളരുന്നതിനെ ബാധിക്കുന്നുണ്ടോയെന്നുമുള്ള ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.എം. ധന്യ വ്യക്തമാക്കി. നാനോ പദാർഥങ്ങളുടെ ഇമേജിങ്ങുമായി ബന്ധപ്പെട്ടു എ.കെ. ശിവദാസൻ, എൽഇഡി നിർമാണത്തിനു റെയർ എർത്ത് മൂലകങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ബിബിലി ബേബി, ബാറ്ററികളുടെ ഊർജക്ഷമത വർധിപ്പിക്കാനുള്ള അന്വേഷണങ്ങളെപ്പറ്റി അനുഗ്രഹ അന്ന തോമസ്, ഹൃദയ രോഗനിർണയത്തിനുള്ള ജഗുലർ വീനസ് പൾസ് സാങ്കേതിക വിദ്യ പരിചയപ്പെടുത്തി നവ്യ റോസ് ജോർജ്, ചർമ സംരക്ഷണ നിത്യോപയോഗ വസ്തുക്കളിലെ പ്ലാസ്റ്റിക് മലിനീകരണം ചൂണ്ടിക്കാട്ടി റിയ കെ. അലക്സ്, കാർബൺ സംഭരണത്തിനു പുരയിടക്കൃഷി രീതി അനാവരണം ചെയ്തു സജിത സിറിൾ, ട്രാഫിക് സുരക്ഷയും നിയന്ത്രണവും
മെച്ചപ്പെടുത്താൻ സംസാരിക്കാൻ സാധിക്കുന്ന വാഹനങ്ങൾ നിലവിൽ വന്നാൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് സൂസൻ എൽദോസ്, പ്രമേഹ രോഗികളുടെ േനത്രപരിചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ലക്ഷ്മിപ്രിയ വിജയൻ, പായലിന്റെ ജീവാവശിഷ്ട പുനരുപയോഗ ശേഷിയിൽ ശ്രദ്ധയൂന്നുന്ന എസ്. ജയശ്രീ, ചലനത്തിൽ നിന്ന് ഊർജം സ്വരൂപിച്ച് പ്രവർത്തിക്കുന്ന പരവതാനികളെക്കുറിച്ചു കെ.വി. വിജോയ്, ചലനം വൈദ്യുതിദായകമാണെന്നു വിവരിക്കുന്ന മുബീന റാഫി, ധൂമകേതുക്കളിൽ ജലത്തിന്റെ സാന്നിധ്യം തേടുന്ന എ.എ. തസ്കീന, സൂക്ഷ്മ ജീവികൾ മാനസിക അവസ്ഥകളെ നിയന്ത്രിക്കുന്നുണ്ടോ എന്ന അന്വേഷണവുമായി ഋഷികേശ്, പ്രോസ്റ്റേറ്റ് കാൻസറിൽ നിന്നുള്ള സംരക്ഷണം തേടുന്ന ഗവേഷണഫലവുമായി റിസ്‌വിന നിസാർ, കൊച്ചി ദ്വീപായി മാറുന്നതിന്റെ സംശയങ്ങളുമായി സജ്ന പീടിയകത്തൊടി, എംആർഐ സ്കാനുകളിൽ നിന്ന് ഉയർന്ന നിലവാരമുള്ള ഇമേജുകൾ നിർമിക്കുന്ന രീതിയെ അവതരിപ്പിച്ച് ഫിദ ഫർഹ, പുതിയലോകങ്ങളെ കണ്ടെത്താനുള്ള ഗവേഷണം സംബന്ധിച്ചു വർഗീസ് റെജി എന്നിവരും അവതരണങ്ങൾ നടത്തി