കാറിന്റെ ഡിക്കിയിൽ റീൽസ് ഷൂട്ടിങ്; ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു
Mail This Article
കാക്കനാട്∙ ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിൽ ഇരുന്നു മറ്റൊരു കാറിന്റെ റീൽസ് ഷൂട്ടു ചെയ്യുകയായിരുന്ന സംഘം ചെന്നു പെട്ടത് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ മുൻപിൽ. കാർ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 4,000 രൂപ പിഴയും ചുമത്തി. റീൽസ് ഷൂട്ടു ചെയ്യുന്ന കാറിന്റെ ഫോട്ടോ എംവിഐ പകർത്തിയപ്പോൾ സമീപത്തു ലൈസൻസ് ഇല്ലാത്ത വിദ്യാർഥി ബൈക്ക് ഓടിക്കുന്ന ദൃശ്യവും പതിഞ്ഞു. ലേണേഴ്സ് ലൈസൻസ് ഇല്ലാത്തയാളെ പഠിപ്പിക്കുന്നതിന് ബൈക്കിനു പിന്നിലിരുന്ന വിദ്യാർഥിക്ക് 10,000 രൂപയും പിഴ ചുമത്തി. കോളജ് വിദ്യാർഥി രാഹുലിനാണ് പിഴ ചുമത്തിയത്.
സീപോർട്ട് എയർപോർട്ട് റോഡിനോടു ചേർന്ന ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപമായിരുന്നു രണ്ടു സംഭവങ്ങളും. ഡ്രൈവിങ് ടെസ്റ്റിന് എത്തിയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ.അസിം ആണ് നടപടിയെടുത്തത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിക്ക് ഉള്ളിലിരുന്നാണ് പിന്നാലെ വരുന്ന കാറിന്റെ ദൃശ്യം വിഡിയോയിൽ പകർത്തിയത്. കാർ ഓടിച്ചിരുന്ന വാഴക്കുളം സ്വദേശി ശ്രീജേഷിന്റെ ലൈസൻസാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. കാർ വിൽക്കുന്നതിനു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായിരുന്നു റീൽസ് ഷൂട്ടു ചെയ്തത്.