ചാക്യോത്ത് മല വീണ്ടും ഇടിയുന്നു; ആശങ്കയോടെ നാട്ടുകാർ
Mail This Article
കിഴക്കമ്പലം∙ കുന്നത്തുനാട് പഞ്ചായത്തിലെ ചാക്യോത്ത് മലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽ. കരിങ്കൽ കൊണ്ട് ഭിത്തി കെട്ടിയിരുന്നെങ്കിലും കെട്ട് ഉൾപ്പെടെ ഇടിഞ്ഞു വീണു. നേരത്തേ മണ്ണെടുത്ത ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായതെന്നു നാട്ടുകാർ പറഞ്ഞു. പരിസരത്ത് മറ്റു വീടുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ചാക്യോത്തുമലയുടെ ചുറ്റിലും പലപ്പോഴായി ഒട്ടേറെ പ്രാവശ്യമാണു മണ്ണെടുത്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ മല അപകട ഭീഷണിയിലാണ്. 42 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. തുലാവർഷം ആരംഭിച്ചതോടെ വൈകിട്ടും രാത്രിയിലും ചെയ്യുന്ന മഴ കോളനി നിവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 2018 മുതൽ മഴക്കാലത്ത് ഇവിടെ ശക്തമായ മണ്ണിടിച്ചിൽ അനുഭപ്പെടുന്നതായും പല വീടുകളും അപകട ഭീഷണിയിലാണെന്നും നാട്ടുകാർ പറഞ്ഞു. മൂന്നു മാസം മുൻപാണ് വലിയ തോതിൽ മണ്ണിടിഞ്ഞു വീണു ചിറ്റനാടിനു സമീപം വീടു തകർന്നത്.
കനത്ത മഴയിലും മണ്ണെടുപ്പുകാർക്ക് ഒത്താശ
കനത്ത മഴ തുടരുമ്പോഴും മാഫിയകൾക്ക് മണ്ണെടുക്കാൻ റവന്യു അധികൃതർ തന്നെ ഒത്താശ ചെയ്യുന്നുവെന്ന് പരാതി. കുന്നത്തുനാടിന്റെ വിവിധ ഭാഗങ്ങളിലാണ് മണ്ണെടുപ്പ് തുടരുന്നത്. കിഴക്കമ്പലം ഞാറള്ളൂർ, വലമ്പൂർ, പട്ടിമറ്റം, വടവുകോട്, നെല്ലാട് എന്നിവിടങ്ങളിൽ അനധികൃത പാസ് ഉപയോഗിച്ച് മണ്ണ് കടത്തുന്നുണ്ടെന്ന പരാതി വ്യാപകമാണ്. സ്കൂൾ സമയത്ത് ടിപ്പർ പോയാലും പൊലീസും നടപടി എടുക്കാറില്ല. മഴയെ അവഗണിച്ചും മണ്ണെടുപ്പ് തുടരുമ്പോഴും ആശങ്കയാണു നാട്ടുകാർക്ക്.