‘സത്യം പറയെട, നീയല്ലേ കുറുവ; മുജേ കുറുവാ നഹീ മാലൂ..’: സംശയാസ്പദമായി വഴിയിൽ കാണുന്നവരെ ‘പൊക്കി’ നാട്ടുകാർ
Mail This Article
പറവൂർ ∙ കോഴിക്കുഞ്ഞു വിൽക്കാനെത്തിയവനും മനോദൗർബല്യം മൂലം അലഞ്ഞു തിരിയുന്നവനുമെല്ലാം പറവൂരിൽ കുറുവ സംഘാംഗം! സംശയാസ്പദമായി വഴിയിൽ കാണുന്ന ഇതരസംസ്ഥാനക്കാരെ നാട്ടുകാർ ‘പൊക്കി’ പൊലീസിൽ ഏൽപിക്കുന്നതു പതിവാകുന്നു. പറവൂർ ചേന്ദമംഗലം മേഖലയിലെ ചില വീടുകളിലുണ്ടായ മോഷണശ്രമത്തിനു പിന്നിൽ കുറുവ സംഘമാണെന്നു സംശയമുയർന്നതോടെയാണു ‘കള്ളൻമാരെ’ നാട്ടുകാർ ‘കസ്റ്റഡിയിലെടുക്കാൻ’ തുടങ്ങിയത്.
കഴിഞ്ഞ ദിവസം പെരുമ്പടന്ന ഭാഗത്തു കോഴിക്കുഞ്ഞുങ്ങളുമായി എത്തിയ 2 പേരെ നാട്ടുകാർ തടയുകയും പൊലീസിനെ ഏൽപിക്കുകയും ചെയ്തു. മോഷ്ടാക്കളല്ലെന്നു ബോധ്യപ്പെട്ടതോടെ പൊലീസ് വിട്ടയച്ചു. ഞായർ രാത്രി കെടാമംഗലം കണ്ണൻചിറ ഭാഗത്തു സംശയാസ്പദമായി കണ്ട ഒരാളെയും നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. ഹിന്ദി സംസാരിക്കുന്ന ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ മുളകുപൊടിയും കല്ലുകളും കണ്ടെത്തിയതാണു മോഷ്ടാവാണെന്ന സംശയം ശക്തമാക്കിയത്. അലഞ്ഞു തിരിയുന്ന, മനോദൗർബല്യമുള്ള ആളാണെന്നു ബോധ്യപ്പെട്ട പൊലീസ് ഇയാളെയും വിട്ടയച്ചു.
ഇന്നലെ രാവിലെ വെടിമറയിൽ അഗ്നിരക്ഷാ നിലയത്തിനു സമീപത്തു നിന്നു മറ്റൊരാളെയും നാട്ടുകാർ പിടികൂടി. തമിഴ്നാടു സ്വദേശിയായ ഇയാളുടെ തലയിൽ വെട്ടുകൊണ്ട പാട് ഉണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന ബാഗിൽ കുപ്പിച്ചില്ലുകളും കൂർത്ത മാർബിൾ കഷണങ്ങളും തമിഴിൽ വഴികൾ രേഖപ്പെടുത്തിയ പേപ്പറും. കസ്റ്റഡിയിൽ തുടരുന്ന ഇയാൾക്കും നിലവിൽ നടന്ന മോഷണശ്രമങ്ങളുമായി ബന്ധമില്ലെന്ന നിഗമനത്തിലാണു പൊലീസ്. ഇയാൾക്കും മനോദൗർബല്യം ഉണ്ടെന്നാണു പൊലീസ് പറയുന്നത്.
പറവൂരിൽ ഡ്രോൺ നിരീക്ഷണം
പറവൂർ ∙ കുറുവ സംഘവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തി. മോഷ്ടാക്കൾ എത്തിയ കുമാരമംഗലം മേഖലയുടെ 2 കിലോമീറ്റർ ചുറ്റളവിലുള്ള ദൃശ്യങ്ങളാണു ഡ്രോൺ ഉപയോഗിച്ചു ശേഖരിച്ചത്. മോഷ്ടാക്കൾ സഞ്ചരിക്കാൻ സാധ്യതയുള്ള ചെറിയ വഴികളും ഒളിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളും കണ്ടെത്തുന്നതിനു വേണ്ടിയാണു നിരീക്ഷണം. മേഖലയിലെ നാൽപതോളം വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്.
കുട്ടവഞ്ചിക്കാർക്കൊപ്പം തമ്പടിച്ച കുറുവ സംഘാംഗങ്ങൾ പിടിയിൽ; അറസ്റ്റിലായ 2 പേർക്കെതിരെ 9 മോഷണ കേസുകൾ
കൊച്ചി ∙ കുണ്ടന്നൂർ പാലത്തിനടിയിൽ തമ്പടിച്ച കുട്ടവഞ്ചിക്കാർക്കൊപ്പം കടന്നു കൂടിയ കുറുവ സംഘത്തിലെ 2 പേർ കൂടി അറസ്റ്റിൽ. സേലം മഹേഷ് എന്ന് അറിയപ്പെട്ടിരുന്ന ജയിംസ്, നെടുങ്കണ്ടം സ്വദേശി ശിവാനന്ദൻ എന്നിവരെയാണു മരട് പൊലീസ് പിടികൂടിയത്. ഇരുവർക്കുമെതിരെ 9 മോഷണക്കേസുകളുണ്ട്. പറവൂരിൽ നടന്ന മോഷണശ്രമങ്ങളുമായി ഇവർക്കു ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇന്നു വടക്കേക്കര പൊലീസെത്തി ഇവരെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി. തമിഴ്നാട് സ്വദേശികളായ ഭാര്യമാർ വഴിയാണ് ഇരുവർക്കും കുറുവ ബന്ധം. മഹേഷ് പിന്നീടു മതം മാറിയാണു ജയിംസ് എന്ന പേര് സ്വീകരിച്ചത്.
കുറുവ സംഘാംഗമായ സന്തോഷ് ശെൽവത്തെയും മണികണ്ഠനെയും പിടികൂടിയ ഞായറാഴ്ച രാത്രി തന്നെ മരട് പൊലീസ് ഇവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കു കുറുവ സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണു പിടികൂടിയത്. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാളം പരിശോധിച്ചപ്പോഴാണു ഇരുവരുടെയും പേരിൽ മോഷണക്കേസുകളുണ്ടെന്നു ബോധ്യമായത്. ശിവാനന്ദനെതിരെ ചങ്ങനാശേരി, കോട്ടയം ഈസ്റ്റ് എന്നിവിടങ്ങളിലും ജയിംസിനെതിരെ കളമശേരി, കട്ടപ്പന, തലശ്ശേരി, പനമരം എന്നിവിടങ്ങളിലും കേസുണ്ട്.