അനാസ്ഥയിൽ കുരുങ്ങി ആലിൻചുവട് ശുദ്ധജല പദ്ധതി
Mail This Article
പെരുമ്പാവൂർ ∙ പണം അനുവദിച്ചിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പൂർത്തിയാകാതെ ആലിൻചുവട് കുടിവെള്ള പദ്ധതി. വെങ്ങോല പഞ്ചായത്തിലെ ടാങ്ക് സിറ്റി 14-ാം വാർഡിന്റെ കിഴക്കൻ മേഖലയായ കറുകപ്പിള്ളി തുരുത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചത്.എൽദോസ് കുന്നപ്പിള്ളി എംഎൽഎ 2019-20 വർഷത്തെ ആസ്തിവികസന ഫണ്ടിൽ നിന്നും 17.10 ലക്ഷം രൂപ അനുവദിച്ചു. 25000 ലീറ്റർ ശേഷിയുള്ള ടാങ്ക്, മോട്ടർ ഷെഡ്, ഒന്നര കിലോമീറ്റർ വരെ പൈപ്പ് ലൈൻ എന്നിവ നിർമിച്ചു. മൂന്നര വർഷമായിട്ടും പണി പൂർത്തിയാക്കി പദ്ധതി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
മോട്ടർ ,വയർ ഉൾപ്പെടെ വൈദ്യുതി ഉപകരണങ്ങളും ഒന്നര കിലോമീറ്ററിലധികം പൈപ്പ് ലൈനും കൂടി വലിച്ചാൽ മാത്രമേ എല്ലാ വീടുകൾക്കും വെള്ളം ലഭ്യമാകുന്ന തരത്തിൽ പദ്ധതി നടപ്പാകുകയുള്ളു.വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നു എസ്റ്റിമേറ്റെടുത്ത ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനവും ചുവപ്പുനാടയുമാണു പദ്ധതി പൂർത്തിയാക്കാൻ തടസ്സമെന്നാണ് ആരോപണം. വേനൽക്കാലം കണക്കിലെടുത്ത് പദ്ധതി ഉടൻ പൂർത്തിയാക്കണമെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി.പദ്ധതി പൂർത്തിയാക്കാൻ വേണ്ട ഇടപെടൽ ഉടൻ നടത്തുമെന്ന് എംഎൽഎ ഉറപ്പു നൽകിയെന്നു സംസ്കാര സാഹിതി പെരുമ്പാവൂർ നിയോജകമണ്ഡലം ചെയർമാൻ അജിത് കടമ്പനാട്, പി.പി. യാക്കോബ്, എം.പി.വർഗീസ് എന്നിവർ അറിയിച്ചു.