ദേശീയപാത 66 നിർമാണം: മണ്ണ് ലഭ്യതയിൽ തടസ്സം; ഇടപ്പള്ളി – മൂത്തകുന്നം റോഡ് നിർമാണം നീണ്ടേക്കും
Mail This Article
പറവൂർ ∙ മണ്ണിന്റെ ലഭ്യതയ്ക്ക് തടസ്സം നേരിടുന്നതു ദേശീയപാത 66 നിർമാണത്തെ പ്രതികൂലമായി ബാധിക്കുന്നു. 2025 ഡിസംബറിൽ പൂർത്തയാക്കണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നതെങ്കിലും ഇങ്ങനെ പോയാൽ ജില്ലയിലെ സ്വപ്ന പദ്ധതിയായ ഇടപ്പള്ളി – മൂത്തകുന്നം റോഡ് നിർമാണം നീളാനാണ് സാധ്യത. നിലവിൽ 49 ശതമാനം ജോലികൾ പൂർത്തിയായെങ്കിലും പാലങ്ങൾ, ഓവർ ബ്രിജുകൾ, റോഡ് നിർമാണം തുടങ്ങിയവ ഇനിയും ചെയ്തു തീർക്കാനുണ്ട്. മൂവാറ്റുപുഴ, കുന്നത്തുനാട് തുടങ്ങിയ മേഖലകളിൽ നിന്നു മണ്ണ് എടുക്കാനാണു കരാർ കമ്പനിയായ ഓറിയന്റൽ സ്ട്രക്ചറൽ പ്രൈവറ്റ് ലിമിറ്റഡിന് അനുവാദം കിട്ടിയിരിക്കുന്നത്. ദേശീയപാത നിർമാണത്തിന് മണ്ണെടുക്കാൻ പരിസ്ഥിതി ക്ലിയറൻസ് വേണ്ടെന്ന സുപ്രീം കോടതി ഉത്തരവുണ്ടെങ്കിലും മണ്ണ് എടുക്കുന്നതിന് പ്രാദേശികമായ എതിർപ്പ് ഉണ്ടാകുന്നുണ്ടെന്നും
ഹൈക്കോടതിയിൽ നിന്നു സ്റ്റേ ലഭിക്കുകയാണെന്നും കമ്പനിയുമായി ബന്ധപ്പെട്ടവർ പറയുന്നു. 2022 ഒക്ടോബറിൽ ആരംഭിച്ച നിർമാണം 910 ദിവസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു കരാർ. മണ്ണും കല്ല് എടുക്കാനുള്ള ക്വാറിയും ലഭിക്കാനുണ്ടായ താമസം നിർമാണത്തെ പിന്നോട്ടടിച്ചു. ക്വാറി കിട്ടാത്തതിനാൽ കരാർ കമ്പനി ചാലക്കുടിയിൽ സജ്ജീകരിച്ച ക്രഷർ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. നിലവിൽ, ക്വാറി ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. മണ്ണിന്റെ കാര്യത്തിലാണ് പ്രതിസന്ധി രൂക്ഷം. മഴക്കാലം വന്നപ്പോൾ മന്ദഗതിയിലായ ദേശീയപാത നിർമാണം കഴിഞ്ഞ മാസമാണ് വീണ്ടും സജീവമായത്. മണ്ണ് ലഭ്യമായില്ലെങ്കിൽ തുടർന്നുള്ള പ്രവർത്തനങ്ങൾ നീണ്ടുപോകും. പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ നടപടിയെടുക്കണം.