പോയാലി ടൂറിസം പദ്ധതിക്ക് പുതുജീവൻ; പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾക്കായി 99 ലക്ഷം രൂപ അനുവദിച്ചു
Mail This Article
മൂവാറ്റുപുഴ∙ രാഷ്ട്രീയ കരു നീക്കങ്ങളെ തുടർന്നു സ്തംഭിച്ച പോയാലി ടൂറിസം പദ്ധതിക്ക് പുതുജീവൻ. പോയാലി ടൂറിസം പദ്ധതിക്കായി പഞ്ചായത്ത് തയാറാക്കിയ വിശദമായ പദ്ധതി രേഖ ടൂറിസം വകുപ്പ് അംഗീകരിച്ചു. പദ്ധതിയുടെ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾക്കായി 99 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പോയാലി പദ്ധതിയുടെ ഭാഗമായി മലയിൽ നിർമിക്കുന്ന ഇരിപ്പിടങ്ങൾ, ശുചിമുറികൾ, കൈവരികൾ എന്നിവ നിർമിക്കുന്നതിനാണു തുക അനുവദിച്ചിരിക്കുന്നത്. പോയാലിമലയിലേക്കുള്ള റോഡ്, ശുദ്ധജല പദ്ധതി, വിളക്കുകൾ എന്നിവ ഒരുക്കുന്നതിനുള്ള തുക പഞ്ചായത്ത് കണ്ടെത്തും.
കാലതാമസം കൂടാതെ പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് പറഞ്ഞു. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി റവന്യു വകുപ്പിൽ നിന്നു 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയിട്ടു 1 വർഷം കഴിഞ്ഞിട്ടും പദ്ധതി മുന്നോട്ടു പോയിരുന്നില്ല. സമുദ്ര നിരപ്പിൽ നിന്ന് 600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോയാലി മലയിലേക്ക് എത്താൻ കഴിയുന്ന റോഡ് നിർമാണം, റോപ് വേ സ്ഥാപിക്കുക, മലമുകളിലെ വ്യൂ പോയിന്റുകളിൽ കാഴ്ച സൗകര്യങ്ങൾ ഒരുക്കുക, വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുക, മലമുകളിലെ അത്ഭുത കിണറും, കാൽപാദവും, വെള്ളച്ചാട്ടവും, ചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങൾ നിർമിക്കുക എന്നിവ വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്തിരുന്നു.