മുളവൂർ തോട് നവീകരണം: 8 ലക്ഷം രൂപ അനുവദിച്ചു
Mail This Article
മൂവാറ്റുപുഴ ∙ മുളവൂർ തോട് നവീകരണ പ്രവർത്തനങ്ങൾക്കു ജില്ല പഞ്ചായത്തിൽ 8 ലക്ഷം രൂപ അനുവദിച്ചു. മുളവൂർ തോടിന്റെ കടാരിക്കുഴി തൈക്കാവ് മുതൽ പെരുമറ്റം പാലം വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. തോടിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിത്തെളിച്ചു ചെളി നീക്കം ചെയ്ത് ആഴം വർധിപ്പിക്കുന്നതാണു പദ്ധതി. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചെളിയുടെ അളവും തോടിന്റെ വീതിയും ആഴവും കണക്കാക്കുന്ന ജോലികൾ ആരംഭിച്ചു. നവീകരണ പ്രവർത്തനങ്ങൾ ഉടനെ തുടങ്ങുമെന്നു പഞ്ചായത്ത് അംഗം നിസ മൊയ്തീൻ പറഞ്ഞു.
തോടിന്റെ ഇരു വശങ്ങളും കാടുകയറി മണലും ചെളിയും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടതോടെ ചെറിയ ഒരു മഴ പെയ്താൽ പോലും തോടിന്റെ തീരപ്രദേശങ്ങളിൽ വെള്ളം കയറി കൃഷിയും മറ്റും നശിക്കുന്ന സ്ഥിതിയാണ്. ആച്ചേരിക്കുടി, വാലടിത്തണ്ട്, ആട്ടായം പ്രദേശത്തെ വീടുകളിലും കൃഷി സ്ഥലങ്ങളിലും വെള്ളം കയറുന്ന അവസ്ഥയ്ക്കു പരിഹാരം കാണാനാണു പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം ഇറിഗേഷൻ വകുപ്പിന്റെ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം രൂപ മുടക്കി തോട്ടിൽ നിർമാണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് 8 ലക്ഷം രൂപ ചെലവഴിച്ചു തോട് നവീകരിക്കുന്നതെന്നും നിസ മൊയ്തീൻ പറഞ്ഞു.