തുറവൂർ–അരൂർ ഉയരപ്പാത നിർമാണം: ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് ഭീമൻ കോൺക്രീറ്റ് കട്ട പതിച്ചു
Mail This Article
അരൂർ ∙ തുറവൂർ – അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ എരമല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് ഭീമൻ കോൺക്രീറ്റ് കട്ട വീണു. കാറോടിച്ചു കൊണ്ടിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച രാത്രി 10നാണ് സംഭവം.ഫ്രീലാൻസ് ഫൊട്ടോഗ്രഫറായ കായംകുളം ചാരുംമൂട് നീതു നിവാസിൽ നിതിൻ കുമാർ (26)ജോലി സംബന്ധമായി എറണാകുളത്തു പോയശേഷം കായംകുളത്തേക്ക് മടങ്ങുകയായിരുന്നു.
എരമല്ലൂർ ജംക്‌ഷനിൽ എത്തിയപ്പോൾ മുൻപിൽ പോയ കണ്ടെയ്നർ ലോറി ഉയരപ്പാത നിർമാണം നടക്കുന്ന മുകളിലെ പാലത്തിൽ പ്ലാസ്റ്റിക് നെറ്റിൽ ഉടക്കി കിടന്ന ഭീമൻ കോൺക്രീറ്റ് കട്ടയിൽ തട്ടുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പ്ലാസ്റ്റിക് വല കീറി കോൺക്രീറ്റ് കട്ട പിന്നിൽ വന്ന നിതിന്റെ കാറിന്റെ മുകളിൽ പതിക്കുകയായിരുന്നു.വീഴ്ചയുടെ ആഘാതത്തിൽ കാറിന് പിൻഭാഗം തകർന്നു. ചെകിടടപ്പിക്കുന്ന ശബ്ദത്തോടെ വീണത് എന്താണെന്നറിയാതെ നിതിൻ കാർ നിർത്തി പരിശോധിച്ചപ്പോഴാണ് വലിയ കോൺക്രീറ്റ് കട്ട കാറിലേക്ക് വീണതാണെന്ന് മനസ്സിലായത്.
ഉടൻതന്നെ ഉയരപ്പാത നിർമാണം കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു. നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിന്മേലാണ് കാറുമായി കായംകുളത്തേക്കു പോയതെന്ന് നിതിൻ കുമാർ പറയുന്നു. എന്നാൽ തിങ്കളാഴ്ച ബന്ധപ്പെട്ടപ്പോൾ നഷ്ടപരിഹാരം നൽകാൻ തയാറല്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയെന്നു നിതിൻ പറയുന്നു. കണ്ടെയ്നർ ലോറി തട്ടിയാണു കോൺക്രീറ്റ് കട്ട വീണത്. വലിയ വാഹനങ്ങൾക്ക് നിർമാണം നടക്കുന്ന റോഡിൽ പ്രവേശനമില്ല. ഇക്കാര്യം നോക്കേണ്ടതു പൊലീസാണ്.
പൊലീസിന്റെ ഉത്തരവാദിത്തക്കുറവ് കൊണ്ടാണു അപകടം ഉണ്ടായതെന്നും അധികൃതർ പറഞ്ഞെന്നാണു നിതിൻ പറയുന്നത്. കമ്പനിയുടെ നിലപാട് ഇങ്ങനെയാണെങ്കിൽ നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനമെന്ന് കാറുടമ പറഞ്ഞു. ഉയരപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാതയുടെ മുകളിൽ നിന്ന് രാസപദാർഥങ്ങൾ ചേർന്ന കോൺക്രീറ്റ് മിശ്രിതം വാഹനങ്ങളിൽ വീണ് ഒട്ടേറെ വാഹനങ്ങൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്.