കൊച്ചിയുടെ സ്വപ്നങ്ങൾ, ആശങ്കകൾ, പ്രതീക്ഷകൾ പങ്കുവച്ച് മനോരമ ‘എംപിസി: ദ് വേ ഫോർവേഡ്’ ചർച്ച
Mail This Article
കൊച്ചി ∙ ഇൻഫോപാർക്ക് തൃക്കാക്കരയിൽ, ലുലു മാൾ കളമശേരിയിൽ, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ മുളവുകാട് പഞ്ചായത്തിൽ. അങ്ങനെ വമ്പൻ പദ്ധതികൾ പലതും കോർപറേഷനു പുറത്ത്. നഗരം സമീപ പഞ്ചായത്തുകളിലേക്കു വികസിച്ചിട്ടും വർഷങ്ങളായി ഒരിഞ്ചു പോലും വികസിക്കാതെ കൊച്ചി കോർപറേഷൻ. എന്നിട്ടും തൃക്കാക്കര നഗരസഭയിലെ ഇൻഫോപാർക്കിൽ വെള്ളം കയറിയാൽ ചോദ്യം കൊച്ചി മേയറോടാണ്. ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മേയറേ! അത് കൊച്ചി കോർപറേഷനിൽ അല്ലെന്ന് ആർക്കെങ്കിലും അറിയേണ്ടേ. നാട്ടുകാർക്ക് ഇതെല്ലാം കൊച്ചിയാണ്.
വികസനാസൂത്രണത്തിനായി കൊച്ചി മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി (എംപിസി) രൂപീകരിക്കണമെന്ന നഗരത്തിന്റെ ആവശ്യത്തിനായി മലയാള മനോരമ സംഘടിപ്പിച്ച ‘എംപിസി: ദ് വേ ഫോർവേഡ്’ പാനൽ ചർച്ചയിൽ ഉയർന്നതു നഗരത്തിന്റെ സ്വപ്നങ്ങൾ, ആശങ്കകൾ, പ്രതീക്ഷകൾ. മേയർ എം. അനിൽകുമാറും ടി.ജെ. വിനോദ് എംഎൽഎയും ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ളയും ഉൾപ്പെടെയുള്ളവർ ഒറ്റക്കെട്ടായി എംപിസിക്കായി രംഗത്തിറങ്ങിയപ്പോൾ ചർച്ചാ വേദിയിൽ രാഷ്ട്രീയം മാറി നിന്നു. പാനൽ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു: ‘കൊച്ചിക്കായി എത്രയും വേഗം എംപിസി രൂപീകരിക്കണം’.
പാനൽ ചർച്ച ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി. രാജേഷും വ്യക്തമാക്കി: ‘‘എംപിസി വേണ്ടെന്ന നിലപാട് സർക്കാരിനില്ല. എത്രയും വേഗത്തിൽ അതു ചെയ്യണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. ഇതൊരു നയപരമായ പ്രശ്നം കൂടിയായി കാണണം. പ്രായോഗികമായി എംപിസി എങ്ങനെ രൂപീകരിക്കാമെന്നാണ് ആലോചിക്കുന്നത്.’’കൊച്ചിയിലെ എംപിസി രൂപീകരണം മുൻനിർത്തി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അംഗവും കൊളീജിയറ്റ് എജ്യുക്കേഷൻ മുൻ ഡപ്യൂട്ടി ഡയറക്ടറുമായ പ്രഫ. പി.കെ. രവീന്ദ്രനാണു ചർച്ച നയിച്ചത്.
കമ്മിറ്റി അംഗങ്ങളായ ഹഡ്കോ മുൻ സിഎംഡി വി. സുരേഷും സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രഫ. ജിജു പി.അലക്സും ചർച്ചയുടെ ഭാഗമായി.നഗരാസൂത്രണ വിദഗ്ധയായ ഡോ.മേയ് മാത്യുവും നഗരഗതാഗത വിദഗ്ധൻ ജി.പി.ഹരിയും ആശയങ്ങൾ പങ്കുവച്ചു. എംപിസി രൂപീകരണത്തിനായി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയ അർജുൻ പി.ഭാസ്കർ ചർച്ചയിൽ പങ്കുവച്ചതു സാധാരണ പൗരന്റെ പരിഭവങ്ങൾ.
10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളുടെ വികസന ഏകോപനത്തിനായി എംപിസി രൂപീകരിക്കണമെന്ന ഭരണഘടന ഭേദഗതി നിലവിൽ വന്ന് 30 വർഷത്തിലേറെയായി. എന്നിട്ടും കൊച്ചിയിൽ എംപിസി രൂപീകരിക്കാത്ത സാഹചര്യത്തിലാണ് ‘എന്നു വരും എംപിസി’ എന്ന പ്രചാരണ പരമ്പരയ്ക്കു മലയാള മനോരമ തുടക്കമിട്ടത്.
അതിനു തുടർച്ചയായിരുന്നു ‘എംപിസി: ദ് വേ ഫോർവേഡ്’ പാനൽ ചർച്ച. 2011ലെ സെൻസസ് പ്രകാരം 20 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള കൊച്ചി നഗര സഞ്ചയത്തിനു (അർബൻ അഗ്ലോമറേഷൻ) വേണ്ടി എംപിസി രൂപീകരിക്കുകയെന്നതു നഗര വികസനത്തിൽ ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നു മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു പറഞ്ഞു. എംപിസി രൂപീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സർക്കാർ നിയോഗിച്ച സമിതിയും അനുകൂലമായാണു റിപ്പോർട്ട് നൽകിയത്. സർക്കാരിൽ നിന്ന് അനുകൂല നിലപാടാണു പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.